ആലുവ: നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടക്കുന്നതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. വിദേശത്ത് വീട്ടുജോലിക്ക് പോകാനെത്തിയ ചിലരെ പ്രതിമാസ പതിവുപരിശോധനയിൽ ലോഡ്ജുകളിൽ കണ്ടെത്തിയിരുന്നു. പാസ്പോർട്ടും വിസയും ഉൾപ്പെടെ നിയമപരമായ എല്ലാ രേഖകളും അവരുടെ കൈവശമുണ്ടായിരുന്നു. ആന്ധ്രാപ്രദേശ്, തെലുങ്കാന ജില്ലകളിൽ നിന്നുള്ളവരെയാണ് ലോഡ്ജുകളിൽ കണ്ടെത്തിയത്. ഇവരുടെ കുടുംബവും കൂടെയുണ്ടായിരുന്നു. നിയമവിരുദ്ധമായ യാതൊരു പ്രവർത്തനവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇത്തരത്തിൽ കൊച്ചി വിമാനത്താവളംവഴി വിദേശത്തേക്ക് വീട്ടുജോലിക്ക് സ്ത്രീകൾ പോകുന്നതായി കഴിഞ്ഞമാസം 28ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. അന്യസംസ്ഥാനക്കാർ കൂടുതലായി വിദേശത്തേക്കുപോകാൻ കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ എന്തെങ്കിലും ക്രമവിരുദ്ധമായ നടപടികൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു.