
കൊച്ചി: വധഗൂഢാലോചന കേസിലെ രണ്ടാം പ്രതിയും ദിലീപിന്റെ സഹോദരനുമായ അനൂപിനെയും കാർണിവൽ ഗ്രൂപ്പ് ഉടമയും ദിലീപിന്റെ സുഹൃത്തുമായ ശ്രീകാന്ത് ഭാസിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് ഇരുവരും കാക്കനാട് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായത്.
അനൂപിന്റെ ഫോണിന്റെ ഫൊറൻസിക് പരിശോധനാ ഫലം കഴിഞ്ഞദിവസം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. രണ്ടാം തവണയാണ് അനൂപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. നേരത്തെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം 33മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
കാർണിവൽ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം കേസിലെ മൂന്നാം പ്രതിയും ദിലീപിന്റെ സഹോദരീ ഭർത്താവുമായ സുരാജിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പ്രതികളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ദിലീപിനെയും ഉടൻ ചോദ്യം ചെയ്യും.
 രാമൻപിള്ളയെ ചോദ്യംചെയ്യുന്നത് നീട്ടി
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ജിൻസണെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദിലീപിന്റെ അഭിഭാഷൻ ബി. രാമൻപിള്ളയെ ചോദ്യം ചെയ്യൽ ക്രൈംബ്രാഞ്ച് നീട്ടിവച്ചു. ഈമാസം 16ന് വസതിയിലോ ഓഫീസിലോ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കമെങ്കിലും അഭിഭാഷകനെന്ന നിയമസംരക്ഷണമുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് രാമൻപിള്ള അറിയിക്കുകയായിരുന്നു.
ഈ മറുപടിക്ക് പിന്നാലെയാണ് നടപടികൾ താത്കാലികമായി നീട്ടുകയാണെന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്നും കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈ.എസ്.പി എസ്.അമ്മിണിക്കുട്ടൻ വീണ്ടും നോട്ടീസ് നൽകിയത്.