കൊച്ചി: സംസ്ഥാന റവന്യൂ പുരസ്‌കാരങ്ങളിൽ അഭിമാനാർഹമായ നേട്ടവുമായി ജില്ല. സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്കായി കൊച്ചി നഗരം ഉൾക്കൊള്ളുന്ന കണയന്നൂരിനെ തിരഞ്ഞെടുത്തു. സംസ്ഥാനത്തെ മികച്ച മൂന്ന് തഹസിൽദാർമാരുടെ പട്ടികയിൽ തഹസിൽദാർ രഞ്ജിത് ജോർജ് ഉൾപ്പെട്ടതും കണയന്നൂർ താലൂക്കിന് നേട്ടമായി. കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജും ഇതേ പുരസ്‌കാരത്തിന് അർഹനായി. ജില്ലാ ദുരന്തനിവാരണ വിഭാഗത്തിലെ അഞ്ജലി പരമേശ്വരനാണ് മികച്ച ഹസാഡ് അനലിസ്റ്റ്.
റവന്യൂ പിരിവിലും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിപിടിച്ചെടുത്ത് സർക്കാരിലേക്ക് മുതൽകൂട്ടുന്നതിലും കൈവരിച്ച മികവാണ് കണയന്നൂർ താലൂക്കിനെയും തഹസിൽദാർ രഞ്ജിത് ജോർജിനേയും പുരസ്‌കാരത്തിലേക്ക് നയിച്ചത്. കെട്ടിടനികുതി കുടിശിയിനത്തിൽ മാത്രം 16കോടി രൂപയാണ് ഈ സാമ്പത്തികവർഷം താലൂക്കിൽനിന്ന് ഖജനാവിലെത്തിയത്. അനധികൃത മണ്ണെടുപ്പ്, നിലംനികത്തൽ എന്നിവയ്‌ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു. ഇടനിലക്കാരെ ഒഴിവാക്കുന്നതിലും കണയന്നൂർ താലൂക്ക് വിജയം കൈവരിച്ചു.
1996ൽ റവന്യൂ സർവീസിൽ പ്രവേശിച്ച രഞ്ജിത് ജോർജ് ജില്ലാ പ്രോട്ടോക്കോൾ ഓഫീസർ, മൂവാറ്റുപുഴ, പാലാ തഹസിൽദാർ പദവികളും വഹിച്ചിട്ടുണ്ട്.
കൊവിഡ് കാലത്തെ മാതൃകപരമായ പ്രവർത്തനങ്ങളാണ് തഹസിൽദാർ വിനോദ്‌രാജിന് നേട്ടമായത്. 61 ദിവസത്തോളം സമൂഹഅടുക്കളകൾവഴി ആളുകൾക്ക് ഭക്ഷണം എത്തിച്ചു നൽകുകയും അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകുകയും ചെയ്തു. ദൈനംദിനം രണ്ടായിരത്തോളം പേർക്കാണ് സമൂഹഅടുക്കളകളിൽനിന്ന് ഭക്ഷണം നൽകിയത്. 2019 ജൂലായ് മുതൽ കുന്നത്തുനാട് താലൂക്കിൽ സേവനമനുഷ്ഠിച്ചു വരികയാണ്.
പ്രളയം, കൊവിഡ് എന്നിവയടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ മുന്നണിയിലായിരുന്നു അഞ്ജലി പരമേശ്വരന്റെ പ്രവർത്തനം. ദുരന്തനിവാരണ വിഭാഗത്തിന്റെ പ്രവർത്തനം ആധുനികവത്കരിക്കുന്നതിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു.
നേട്ടത്തിൽ ഏറെ സന്തോഷമുണ്ട്. കെട്ടിടനികുതി കൃത്യമായി പിരിക്കാനായതും ഇടനിലക്കാരെ ഒഴിവാക്കാനായതുമാണ് ഏറെ സംതൃപ്തി നൽകുന്ന കാര്യങ്ങൾ.
രഞ്ജിത് ജോർജ്
തഹസിൽദാർ
കണയന്നൂർ താലൂക്ക്
തികച്ചും അപ്രതീക്ഷിതമായ നേട്ടമാണ്. കൊവിഡ്, പ്രളയകാലത്തെ പ്രവർത്തനങ്ങളാണ് നേട്ടത്തിന് കാരണമായത്. ഒപ്പം പ്രവർത്തിച്ച ജീവനക്കാരുടെ പിന്തുണ നന്ദിയോടെ ഓർക്കുന്നു
വിനോദ് രാജ്,
തഹസിൽദാർ
കുന്നത്തുനാട് താലൂക്ക്