ആലുവ: കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ കാറിന്റെ ചക്രം പുതഞ്ഞു. ആലുവ പാലസ് റോഡിൽ ലക്ഷ്മി നേഴ്സിംഗ് ഹോമിന് മുമ്പിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സമീപത്തെ ഓഫീസിലേക്ക് യാത്രക്കാരനുമായെത്തിയ ഇന്നോവ കാർ തിരികെ പോകുന്നതിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം ഒഴികിയ കുഴിയിൽ പിൻചക്രം പുതഞ്ഞത്. ഏറെ നേരം ശ്രമിച്ചിട്ടും കാർ കരകയറാത്തതിനെ തുടർന്ന് അതുവഴി ഗുഡ്സ് ഓട്ടോറിക്ഷയുടെ സഹായം തേടുകയായിരുന്നു.
കയർ ഉപയോഗിച്ച് കെട്ടിവലിച്ചും നാട്ടുകാരുടെ സഹായത്തോടെയുമാണ് കാർ കുഴിയിൽ നിന്നും കയറ്റിയത്. വാട്ടർ അതോറിട്ടിയുടെയും പി.ഡബ്ളിയു.ഡിയുടെയും നിരുത്തരവാദിത്വപരമായ സമീപനമാണ് ജനങ്ങൾ ദുരിത്തിലാകാൻ കാരണം. പൈപ്പുകൾ സ്ഥാപിച്ച് ആഴ്ച്ചകൾ പിന്നിട്ടിട്ടും യഥാസമയം റോഡ് റീ ടാറിംഗ് നടത്താൻ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല, പുതിയ പൈപ്പ് സ്ഥാപിച്ചിട്ടും കൂട്ടി യോജിപ്പിച്ച ഭാഗത്ത് ചോർച്ചയുണ്ടാകുന്നത് നിർമ്മാണത്തിലെ തകരാറാണെന്നാണ് ആക്ഷേപം.