തോപ്പുംപടി: കൊച്ചി തുറമുഖത്ത് കയറ്റിറക്കുമതി കൂലിത്തർക്കം ഒത്തു തീർന്നു. ഇന്നുമുതൽ ചരക്കുനീക്കവും പുനരാരംഭിക്കും. നിലവിലെ നിരക്കിൽ പത്ത് ശതമാനം കൂലി വർദ്ധന അംഗീകരിച്ചാണ് ഒത്തുതീർപ്പ്. കൊച്ചി ടീട്രേഡ് ബയേഴ്സ് അസോസിയേഷനും കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് തീരുമാനം.

ചർച്ചയിൽ അസോസിയേഷൻ പ്രതിനിധികളായി പ്രസിഡന്റ് ബെൻസി ജോസ്, സെക്രട്ടറി പോളി, അനിൽ പ്രഭു, ധർമേഷ് നാഗഡ,​ സി.ടി.ടി.യു പ്രതിനിധികളായി വി.എച്ച്. ഷിഹാബുദ്ദീൻ, ഖാലിദ് എന്നിവരും പങ്കെടുത്തു. രണ്ടുവർഷം കൂടുമ്പോൾ കൂലി വർദ്ധിപ്പിക്കാനും നിബന്ധനയുണ്ട്.

നിലവിൽ കൂലിയും ബോണസുമായി 15.50 രൂപയെന്നത് ഇനി ചാക്കിന് 17 രൂപയായി വർദ്ധിക്കും. സമരം കാരണം തുറമുഖത്തെ തേയില ലേലകേന്ദ്രത്തിൽ ആറുലക്ഷം കിലോയോളമുള്ള തേയില വെയർഹൗസുകളിൽ നിന്ന് നീക്കാനാകാതെ കിടന്നിരുന്നു.