കൊച്ചി: തന്റെ ലിംഗം ഛേദിച്ച കേസിൽ പാവങ്ങളെ ബലിയാടാക്കി തടിയൂരാനുള്ള ചിലരുടെ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്വാമി ഗംഗേശാനന്ദ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കൃത്യം ചെയ്തവരേക്കാൾ അതിന് പ്രേരിപ്പിച്ചവരാണ് ശിക്ഷിക്കപ്പെടേണ്ടത്. എല്ലാത്തിനും തെളിവുണ്ട്. പാവങ്ങളെ ബലിയാടാക്കരുത്. ആരാണ് ഈ കൃത്യം ചെയ്തതെന്ന് കണ്ടിട്ടില്ല. രണ്ടുപേർ വിചാരിച്ചാൽ എന്നെ കീഴടക്കാനാവില്ല. ഒരു പക്ഷേ മയക്കിയിരിക്കാം.

കണ്ണമ്മൂലയിലെ ചട്ടമ്പി സ്വാമിയുടെ ജന്മഭൂമി വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഈ സംഭവത്തിന് കാരണം. പിന്നിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥയും താൻ വളർത്തിയ രണ്ടുമൂന്നു പേരുമുണ്ട്. കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കണം. അഞ്ച് വർഷമായിട്ടും ഈ കേസിൽ കുറ്റപത്രം നൽകിയിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഇനിയും റിപ്പോർട്ടുകൾ വരാനിരിക്കുന്നതേയുള്ളൂ. കേസിൽ താൻ മാത്രമാണ് പ്രതി. പെൺകുട്ടിയെയും കാമുകനെയും പ്രതിയാക്കാനുള്ള നീക്കത്തെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂ. പൊലീസ് മാന്യമായിട്ടല്ലാതെ പെരുമാറിയിട്ടില്ല. ആർക്കെതിരെയും പരാതി നൽകില്ല. അതെല്ലാം തമ്പുരാൻ നോക്കിക്കൊള്ളും. അനുഭവിച്ച അപമാനത്തേക്കാളും വേദനയെക്കാളും മോശമായി ഇനി ഒന്നുമില്ല. സന്യാസിയെ ഇല്ലാതാക്കാൻ ഏറ്റവും മാരകമായ ആയുധം പണവും പെണ്ണുമാണ്. തന്നെ നശിപ്പിക്കാൻ ശ്രമിച്ചവരുടെ ബുദ്ധിയും അതുതന്നെ. ഇതുകൊണ്ടൊന്നും തളരില്ല.

ചെയ്തത് ആരെന്ന് അറിയില്ലെന്ന് പലവട്ടം പറഞ്ഞിട്ടും ഡോക്ടർമാർ വിശ്വസിച്ചില്ല. ചോദ്യങ്ങൾ തുടർന്നപ്പോൾ സ്വയം മുറിവുണ്ടാക്കിയതാണെന്ന് പറഞ്ഞത് അസഹനീയമായ വേദനമൂലവും ചികിത്സ ലഭിക്കാനുമാണെന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു.