കൊച്ചി: മെട്രോയുടെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിന്റെ തകരാർ കണ്ടുപിടിക്കാനുള്ള സോണിക് പരിശോധന ഇന്ന് നടന്നേക്കും. ഇതിനുള്ള ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. മൂന്നോ നാലോ മണിക്കൂർകൊണ്ട് നടത്താവുന്നതാണ് ഈ പരിശോധന.

പൈലുകൾക്ക് കരാറുകാരായ എൽ ആൻഡ് ടിയും മെട്രോ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിക്കും.

നേരത്തേ ആരംഭിച്ച ഭൂമി കുഴിച്ചുള്ള ബോറിംഗ് പരിശോധന ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസം ഇ. ശ്രീധരനും ഇവിടം സന്ദർശിച്ചിരുന്നു. തൂണിന്റെ അടിത്തറ ശക്തമാക്കുന്നതിനായി കൂടുതൽ പൈലുകൾ സ്ഥാപിക്കുന്നത് പരിഗണിക്കേണ്ടിവരുമെന്ന് അദ്ദേഹം മെട്രോ അധികൃതരെ അറിയിച്ചു. മറ്റുചില ബലപ്പെടുത്തൽ നടപടികളും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ഇത് ഉടനെ ആരംഭിക്കും. റെയിൽപാളത്തിന്റെ അലൈൻമെന്റിൽ നേരിയവ്യത്യാസം കണ്ടതിനെ തുടർന്ന് ഈ ഭാഗത്ത് ട്രെയിനുകൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്.