കൊച്ചി: കോട്ടയം നഗരത്തിൽനിന്ന് കാണാതായ ടെക്‌സ്റ്റൈൽ ജീവനക്കാരനെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ചന്തക്കവലയിലെ തുണിക്കടയിൽ ജോലിചെയ്തിരുന്ന കണ്ണൂർ ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീന്റെ (23) മൃതദേഹമാണ് മറൈൻഡ്രൈവ് സി.എം.എഫ്.ആർ.ഐയ്ക്ക് സമീപമുള്ള കോർപ്പറേഷൻ കെട്ടിടത്തിനടുത്ത് കണ്ടെത്തിയത്. ശനിയാഴ്ചയാണ് അസറുദ്ദീനെ കാണാതായത്.
സുഹൃത്തിനെ കാണാനെന്ന പേരിലാണ് ഇയാൾ എറണാകുളത്തെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടയം കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ നിന്നാണ് ഇയാൾ എറണാകുളത്തേക്ക് തിരിച്ചത്. ബന്ധുക്കളുടെയും കടഉടമയുടെയും പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണമടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല.
സെൻട്രൽ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.