കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ പു​റ്റുമാനൂർ, പുലിയാമ്പുള്ളിമുകൾ, വരിക്കോലി വാർഡുകളുടെ അതിർത്തിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ടാർ മിക്‌സിംഗ് പ്ലാന്റിനെതിരേ നിയമനടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കേരള പഞ്ചായത്തീരാജ് കെട്ടിടനിർമ്മാണച്ചട്ടങ്ങളും കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് നിയമവും പാലിക്കാത്തതിനാൽ ജില്ലാ ടൗൺപ്ലാനറും പഞ്ചായത്തും അപേക്ഷ നിരസിച്ച പ്ലാന്റിനെതിരേയാണ് ഉത്തരവ്. അപേക്ഷ നിരസിച്ചിട്ടും പ്ലാന്റ് സ്ഥാപിച്ചതിനെതിരെ സമീപവാസികൾ പ്രതിഷേധത്തിലാണ്. കർമ്മസമിതി രൂപീരിച്ച് സമരം തുടങ്ങാനാണ് തീരുമാനം. ചെയർമാൻ അഡ്വ. ബെന്നി വർഗീസ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. ഹർജിക്കാർക്കുവേണ്ടി അഡ്വ. സജി വർഗീസ് ഹാജരായി.