കോലഞ്ചേരി: മണ്ണൂർ - പോഞ്ഞാശേരി റോഡിലെ മണ്ണൂർ തൃക്ക അമ്പലത്തിന് സമീപം മണ്ണുമാറ്റി നിർമ്മാണം പുനരാരംഭിക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് റോഡ് സംരക്ഷണ സമിതി കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇവിടെ റോഡിനുമുകളിൽ പൊങ്ങിനിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ താഴ്ത്തിയിടുന്നതിനും തീരുമാനമായി. റോഡിൽനിന്നുള്ള അപ്രോച്ച് റോഡുകളിലെ പ്രവേശനഭാഗത്ത് ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കാനും തീരുമാനമായിട്ടുണ്ട്.
സർക്കാർ വകുപ്പുകൾ തമ്മിലുള്ള ശീതസമരം മണ്ണൂർ - പോഞ്ഞാശേരി റോഡ് നിർമ്മാണം വീണ്ടും പ്രതിസന്ധിയിലാക്കുന്നതായി കാണിച്ച് റോഡ് സംരക്ഷണസമിതി ഉയർത്തിയ മുഴുവൻ പ്രശ്നങ്ങൾക്കും ഇതോടെ പരിഹാരമാകും. തൃക്ക അമ്പലത്തിന് മുന്നിൽ കയറ്റവും വളവും നിൽക്കുന്നതിനാൽ ഇരുവശങ്ങളിൽനിന്ന് ഒരേസമയം വാഹനമെത്തിയാൽ പരസ്പരം കാണുന്നതിന് തടസമാവുകയും വൻഅപകടങ്ങൾക്കും ഇടയാക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സംരക്ഷണസമിതിക്ക് ഉണ്ടായിരുന്നത്. അതോടൊപ്പം പൈപ്പ് പൊങ്ങിനിന്നാൽ ഇരുചക്രവാഹനങ്ങൾ തട്ടിമറിയുന്നതിനും സാദ്ധ്യതയുണ്ടായിരുന്നു.