
ലളിതച്ചേച്ചിയുടെ വിയോഗം മലയാള ചലച്ചിത്രലോകത്തിന് നികത്താനാകാത്ത നഷ്ടമാണ്. എന്റെ കുടുംബത്തോട് ഏറെ അടുത്തു നിന്നയാളുടെ മരണം വ്യക്തിപരമായ ദുഃഖം കൂടിയാണ്. ജ്യേഷ്ഠ സഹോദരിയെയാണ് നഷ്ടപ്പെട്ടത്.
ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, സദയം, അമൃതം, ആയിരത്തിലൊരുവൻ തുടങ്ങി ഒരുപാട് സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാനായി. അമ്മക്കഥാപാത്രങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് കവിയൂർ പൊന്നമ്മ, സുകുമാരി, കെ.പി.എ.സി ലളിത എന്നിവരെയാണ്.
പഠനകാലത്ത് ആരാധനയോടെ സ്‌ക്രീനിൽ കണ്ടയാളുടെ നടനവൈഭവം തൊട്ടരികെനിന്ന് കാണാനുള്ള ഭാഗ്യമുണ്ടായപ്പോൾ അഭിനയത്തികവ് ആശ്ചര്യത്തോടെ നോക്കിനിന്നിട്ടുണ്ട്. ഏതു കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാനായതാണ് കെ.പി.എ.സി ലളിതയെന്ന കലാകാരിയുടെ ഏറ്റവും വലിയ നേട്ടം.
ഗൗരവം, ഹാസ്യം, വിഷാദം, വില്ലത്തി വേഷങ്ങൾ... അങ്ങനെയെന്തും ചേച്ചിയുടെ കൈകളിൽ ഭദ്രമായിരുന്നു. ചെറിയ വിവരണം നൽകിയാൽ മതി, കഥാപാത്രമായി ജീവിച്ചു കാണിച്ചുതന്നയാളാണ് ചേച്ചി. എത്ര പറഞ്ഞാലും തീരാത്തതാണ് അഭിനയമികവ്.
ദശരഥത്തിലാണ് ആദ്യമായി എന്റെ സിനിമയിൽ അഭിനയിക്കുന്നത്. മറിയാമ്മയെന്ന നിഷ്‌കളങ്ക നാട്ടിൻപുറത്തുകാരിയുടെ വേഷം എത്ര തന്മയത്വത്തോടെയാണ് അഭിനയിച്ചു ഫലിപ്പിച്ചത്. തികച്ചും വ്യത്യസ്തമായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ളയിലെ കഥാപാത്രം. ഭരതത്തിൽ കൂടുതൽ വൈകാരിക മുഹൂർത്തങ്ങളിൽ പങ്കുകൊണ്ട വേഷം. സദയത്തിലെ ലൈംഗികത്തൊഴിലാളിയെ അത്രമേൽ തികവോടെയാണ് ചേച്ചി പകർന്നാടിയത്. പേരും പെരുമയുമോർത്ത് പലരും ഉപേക്ഷിക്കുന്ന വേഷം ഒരെതിർപ്പും കൂടാതെയാണ് ഏറ്റെടുത്ത് അനായാസം അഭിനയിച്ചത്.