kpsc

കൊച്ചി: വൈകാരികരംഗങ്ങളിൽ പ്രേക്ഷകരെ കണ്ണീരണിയിക്കാനും ഹാസ്യമെങ്കിൽ പൊട്ടിച്ചിരിപ്പിക്കാനും അനിതരസാധാരണമായ വൈഭവം ലഭിച്ച നടിയായിരുന്നു കെ.പി.എ.സി ലളിത. ആലപ്പുഴയിൽ ജനിച്ച് തൃശൂരിന്റെ മരുമകളായി മാറിയ അവർ അവസാനകാലം ചെലവിട്ടത് കൊച്ചിയിലും. കണ്ണീരോടെയാണ് കൊച്ചി നഗരം ലളിതയ്ക്ക് വിടചൊല്ലിയത്.

ജീവിതത്തിന്റെ അവസാനകാലം തൃപ്പൂണിത്തുറയിലാണ് ലളിത പിന്നിട്ടത്. മകൻ സിദ്ധാർത്ഥിന്റെ ഫ്ളാറ്റിലായിരുന്നു താമസം. ഒപ്പം ടി.വി പരിപാടികളിലുൾപ്പെടെ അഭിനയം തുടർന്നു. സിദ്ധാർത്ഥ് അപകടത്തിൽപ്പെട്ടത് ലളിതയെ വല്ലാതെ ഉലച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സിദ്ധാർത്ഥ് സാധാരണജീവിതം വീണ്ടെടുത്തത്. വലിയതോതിൽ പണച്ചെലവുണ്ടായതും വിഷമങ്ങൾ സൃഷ്ടിച്ചു. മകൾ ശ്രീക്കുട്ടിയുടെ വിവാഹവും സിനിമയിലെ സഹപ്രവർത്തകർ മുൻകൈയെടുത്താണ് നടത്തിയത്.

പ്രമേഹം ഉൾപ്പെടെ അലട്ടിയിരുന്ന ലളിതയെ കരൾ രോഗമാണ് ഒടുവിൽ ബാധിച്ചത്. തൃശൂരിലെ ആശുപത്രിയിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. പ്രമേഹം, ഓർമ്മക്കുറവ് എന്നിവ അലട്ടിയിരുന്നതിനാൽ ശസ്ത്രക്രിയ പ്രായോഗികമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

തുടർന്നാണ് വടക്കാഞ്ചേരി എങ്കക്കാട്ടെ ഭർത്താവ് ഭരതന്റെ വീട്ടിലേയ്ക്ക് പോകാൻ അവർ ആഗ്രഹം അറിയിച്ചത്. രണ്ടു മാസത്തോളം അവിടെ താമസിച്ചു. ഓർമ്മ നശിച്ചപ്പോടെ കഴിഞ്ഞ ജനുവരി 13നാണ് തൃപ്പൂണിത്തുറയിലേയ്ക്ക് തിരികെ കൊണ്ടുവന്നത്. താങ്ങും തണലുമായി സിനിമാപ്രവർത്തകർ കൊച്ചിയിൽ ഒപ്പമുണ്ടായിരുന്നു. മരണവിവരം അറിഞ്ഞയുടൻ മോഹൻലാൽ ഉൾപ്പടെ സിനിമാപ്രവർത്തകർ വീട്ടിലെത്തി. വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് മൃതദംഹം ഇന്നലെ കൊണ്ടുപോകുംവരെ അവരെല്ലാം ലളിതയ്ക്കൊപ്പമുണ്ടായിരുന്നു.

കൈയടി വാങ്ങിയ അഭിനേത്രി

നായകനും ഉപനായകനേക്കാളുമേറേ തിയേറ്ററിൽ കൈയടി വാങ്ങിയിരുന്ന കെ.പി.എ.സി ലളിത സഹപ്രവർത്തകർക്ക് പ്രിയങ്കരിയായിരുന്നു. അമ്മ, സഹോദരി എന്നീനിലകളിലാണ് മറ്റുള്ളവരോട് ലളിത പെരുമാറിയിരുന്നത്.

പ്രേംനസീർ മുതൽ ദിലീപ് വരെ താരങ്ങൾക്കൊപ്പം അഭിനയിച്ചു.

ഹാസ്യമായാലും സീരിയസായാലും അമ്മയായാലും വില്ലത്തിയായാലും അവയ്ക്ക് ജീവൻ നൽകി അഞ്ച് പതിറ്റാണ്ടോളം നിറസാന്നിദ്ധ്യമുറപ്പിക്കാൻ കഴിഞ്ഞ കലാകാരിയാണ് ലളിതയെന്ന് സംവിധായൻ റഫീക്ക് സീലാട്ട് പറഞ്ഞു.
ശബ്ദം മാത്രം നൽകി മതിലുകൾ എന്ന സിനിമയെ മികവുറ്റതാക്കിയ താരമാണ് ലളിത. വിശ്വോത്തര നിലവാരമുള്ള അഭിനേത്രിയായിരുന്ന ലളിത. അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.