trafic-police

 വാട്ട്സ്ആപ്പ് നമ്പർ: 6238100100

കൊച്ചി: പൊലീസിന്റെ 'സഡൻ ആക്ഷൻ' കൊച്ചിക്കാർക്ക് ബോധിച്ചു. നഗരഗതാഗതം സൂപ്പറാക്കാനുള്ള ട്രാഫിക് ഐ പദ്ധതിക്ക് മികച്ച പിന്തുണ. പദ്ധതി ജില്ലയാകെ വ്യാപിപ്പിക്കാനുള്ള ആലോചനയിലേയ്ക്ക് കടന്ന് പൊലീസും. പദ്ധതിയുടെ ഗുണം റൂറൽ പൊലീസിനെ അറിയിക്കും. റൂറൽ പൊലീസ് മേധാവിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കൊച്ചി സിറ്റി പൊലീസിന് കീഴിലെ 26 സ്റ്റേഷനുകളിൽ മൂന്നാം കണ്ണ് തുറന്ന് ട്രാഫിക്ക് പൊലീസ് ജാഗരൂകരാണ്. കൂട്ടത്തോടെ പരാതിയെത്തിയാൽ പോലും നടപടി ഉറപ്പെന്നാണ് പൊലീസ് പറയുന്നു. ജനുവരി 28നാണ് ട്രാഫിക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി കൊച്ചി സിറ്റിയിൽ ട്രാഫ് ഐക്ക് തുടക്കമിട്ടത്. മൂന്നാഴ്ച പിന്നിടുമ്പോൾ 200ലധികം പരാതികളിൽ അന്നന്ന് തന്നെ നടപടിയെടുത്തു. കുറഞ്ഞ സമയത്തിനുള്ളിൽ പദ്ധതിയെ ഹിറ്റാക്കിയതും ഇതുതന്നെ. വാട്സ്ആപ്പിലൂടെയാണ് പരാതി സ്വീകരിക്കുന്നത്. വെറും ഏഴ് മിനിറ്റിനുള്ളിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി ഉറപ്പാക്കും. എത്താൻ വൈകിയാൽ അക്കാര്യവും പരാതിക്കാരനെ ഫോണിലൂടെ അറിയിക്കുകയും ചെയ്യും.

 നടപടിക്ക് ശരവേഗം

• വാട്‌സ്ആപ്പിലൂടെ പരാതിപ്പെടാം
• ഗൂഗിൾ ലൊക്കേഷൻ നൽകണം
• പരാതി അപ്പോൾ തന്നെ രേഖപ്പെടുത്തും
• ഇവ ട്രാഫിക്ക് പൊലീസ് കൈമാറും
• 7മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും
• വൈകിയാൽ കൺട്രോൾ റൂമിന് കൈമാറും
• ഇങ്ങനെയുള്ള പരാതി പൊലീസിന് നൽകും
• നടപടി വാട്ട്‌സ്ആപ്പിലൂടെ പരാതിക്കാരന് കൈമാറും
• നടപടിയുടെ ചിത്രവും നൽകും

 നടപടി അർ‌ത്തിക്കപ്പുറവും

കൊച്ചി സിറ്റി പൊലീസ് പരിധിയിൽ നടപ്പാക്കിയ പദ്ധതിയാണെങ്കിലും റൂറൽ പൊലീസ് പരിധിയിൽ നിന്നും വാട്സ്ആപ്പ് വഴി പരാതികളെത്തുന്നുണ്ട്. 10ലധികം പരാതികളാണ് ലഭിച്ചത്. അതി‌ർത്തിമാറിക്കിട്ടിയ പരാതിയാണിതെന്ന വേ‌ർതിരിവൊന്നും ട്രാഫിക് പൊലീസിനില്ല. ഏഴ് മിനിറ്റ് ആക്ഷൻ ഇവിടെയും നടപ്പാക്കുന്നുണ്ട്. വിവരം ബന്ധപ്പെട്ട പൊലീസിന് കൈമാറിയാണ് നടപടി ഉറപ്പാക്കുന്നത്. വരുന്നതിൽ അധികവും അലക്ഷ്യമായ ഡ്രൈവിംഗ്, അനധികൃത പാർക്കിംഗ് സംബന്ധിച്ചുള്ള പരാതികളാണ്.

 സുസജ്ജം
വെസ്റ്റ് ട്രാഫിക് അസി. കമ്മിഷണർ വിനോദ് പിള്ളയുടെ നേതൃത്വത്തിൽ ട്രാഫിക്ക് പൊലീസിലെ സി.ഐ, പ്രിൻസിപ്പൽ എസ്.ഐ എന്നിവരാണ് ട്രാഫിക് ഐയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. പാരതി അസി.കമ്മിഷണർക്കും ലഭിക്കും. അദ്ദേഹം നടപടി ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ട്രാഫിക് ഐയിലെ നടപടി സംബന്ധിക്കുന്ന എല്ലാ ദിവസത്തെയും റിപ്പോർട്ട് ഡി.സി.പിക്ക് കൈമാറുന്നുണ്ട്. പരാതിക്കാരന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊച്ചിയിലെ ഗതാഗതം സുഗുമമാക്കാൻ സിറ്റിപൊലീസ് മുന്നിൽ തന്നെയുണ്ട്.

വി.യു കുര്യാക്കോസ്

ഡെപ്യൂട്ടി കമ്മിഷണ‌ർ

കൊച്ചി സിറ്റി പൊലീസ്