മട്ടാഞ്ചേരി: കൊച്ചി പഴയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിന് ചുറ്റുമതിലും മട്ടാഞ്ചേരി കൊട്ടാരവളപ്പിലെ വെള്ളക്കെട്ട് നിർ മ്മാർജ്ജനത്തിനുമുള്ള പ്രവർത്തനത്തിന് തുടക്കമായി. കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുക. ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് അഴിതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം. മട്ടാഞ്ചേരി കൊട്ടാരവളപ്പിലുള്ള ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിന് കീഴിലാണ്. ക്ഷേത്രച്ചുറ്റുമതിൽ നിർമ്മാണത്തിനുള്ള ശിലാസ്ഥാപനം കേന്ദ്ര ആർക്കിയോളജി സുപ്രണ്ട് മുർണേശ്വരി കൊച്ചി ദേവസ്വം ബോർഡ് അംഗം വി.കെ.അയ്യപ്പൻ എന്നിവർ പഴയന്നൂർ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ ,ദേവസ്വം ഓഫീസർ രാമചന്ദ്രൻ എന്നിവർക്ക് കൈമാറി ശിലാസ്ഥാപനം നടത്തി.

ക്ഷേത്രത്തിന് ചുറ്റുമായി അടിത്തറ മതിലും വെള്ളക്കെട്ട് നിവാരണ പദ്ധതിയുമാണ് ആദ്യഘട്ടനിർമ്മാണത്തിൽ നടക്കുക. 20 ലക്ഷം രൂപയാണിതിന് ചെലവ്. സമയ ബന്ധിതമായി നിർമ്മാണം പുർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ആർക്കിയോളജി സർവേയർ രാകേഷ് പറ ഞ്ഞു. ക്ഷേത്ര മേൽശാന്തി കൃഷ്ണൻ എബ്രാന്തിരി പൂജാകർമ്മം നടത്തി. ദേവസ്വം എൻജിനീയർ പ്രശാന്ത് തിരുമേനി, ഉപദേശക സമിതി സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ പ്രകാശൻ ,മുൻ പ്രസിഡൻറ് ജയ ചന്ദ്രമേനോൻ,കേരള ബ്രാന്മണ സഭ മുൻ പ്രസിഡന്റ് വി.രാമലിംഗം ,ആർക്കിയോളജി സൂപ്രണ്ട് വിജി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.