അങ്കമാലി: അങ്കമാലി നഗരസഭയുടെ പൊതുപരിപാടികൾ കൗൺസിലിൽ ചർച്ചചെയ്യാത്തതിലും കൗൺസിലർമാരെ അറിയിക്കാത്തതിലും ഭരണനിർവഹണത്തിലെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. ഓൺലൈൻ അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ കൃത്യമായി ലഭിക്കാത്ത സാഹചര്യമാണുള്ളത്. താലൂക്ക് ആശുപത്രിയിലെ ഫ്രീസിങ്ങ് യൂണിറ്റ് മാസങ്ങളായി പ്രവർത്തനരഹിതമാണ്. ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാത്തതിനാൽ താലൂക്ക് ആശുപത്രിയിൽ മരുന്ന് ക്ഷാമം നിലനിൽക്കുന്നു. മൊബൈൽ ക്രിമറ്റോറിയം ഉപയോഗശൂന്യമായ നിലയിലാണ്. പൊതുമരാമത്ത് പണികൾ നടത്താൻ കോൺട്രാക്ടൻമാർ തയ്യാറാകുന്നില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചത്. കവാടത്തിന് മുന്നിൽ നടന്ന സമരം പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. പി.എൻ. ജോഷി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, ലേഖ മധു , അജിത ഷിജോ, രജിനി ശിവദാസൻ , സരിത അനിൽ, മോളി മാത്യു തുടങ്ങിയവർ സംസാരിച്ചു.