ഫോർട്ടുകൊച്ചി: കാർത്തികേയ ക്ഷേത്ര വളപ്പിൽ സ്മാർട്ട് സിറ്റിയുടെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനത്തിന്റെ അവശിഷ്ടങ്ങൾ കൊച്ചിൻ കോർപ്പറേഷൻ അധികാരികൾ ഇന്നലെ മാറ്റി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് കേരളകൗമുദി നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ശിവരാത്രി ബലി, ഉൽസവം എന്നിവ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത് ഇവിടെ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികൾ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ്, ഡിവിഷൻ കൗൺസിലർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരെ രേഖാമൂലം പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇന്നലെ രാവിലെ കോർപ്പറേഷൻ ജീവനക്കാർ ജെ.സി.ബി ഉപയോഗിച്ചാണ് അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്തത്. കൊച്ചി എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളായ എ.കെ.സന്തോഷ്, ഷൈൻ കൂട്ടുങ്കൽ എന്നിവരും വിഷയത്തിൽ ഇടപെട്ടിരുന്നു.