
കൊച്ചി: കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വച്ചു. സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിലംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. പുനർനിയമനം നിയമ പ്രകാരമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കണ്ണൂർ സർവകലാശാലാ നിയമത്തിലെയും 2018 ജൂലായ് 18ലെ യു.ജി.സി റെഗുലേഷനിലെയും വ്യവസ്ഥകൾ ലംഘിച്ചാണ് 60 പിന്നിട്ട ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്നായിരുന്നു അപ്പീലിലെ വാദം. 2017 ലാണ് ഗോപിനാഥിനെ വി.സിയായി ആദ്യം നിയമിച്ചത്. 2021ൽ കാലാവധി കഴിഞ്ഞതോടെ പുനർനിയമനം നൽകി. സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് ശുപാർശ ചെയ്യാതെയാണ് നിയമനമെന്നാണ് മറ്റൊരു വാദം. എന്നാൽ സർവകലാശാല നിയമവും യു.ജി.സി റെഗുലേഷനും പരിശോധിച്ച ഡിവിഷൻ ബെഞ്ച് ഈ വാദത്തിൽ കഴമ്പില്ലെന്ന് വിലയിരുത്തി. നിയമം പാലിച്ചാണ് 2017ൽ ഗോപിനാഥിന് ആദ്യം നിയമനം നൽകിയത്. നിയമനവും പുനർനിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ,ഹർജിക്കാരുടെ ആരോപണം സിംഗിൾബെഞ്ച് നേരത്തെ തള്ളിയത് .
ഡിവിഷൻ ബെഞ്ചിന്റെ
വിലയിരുത്തൽ
സർവകലാശാല നിയമത്തിലെ സെക്ഷൻ 10(9)ൽ അറുപതു പിന്നിട്ട വ്യക്തിയെ വി.സിയായി നിയമിക്കരുതെന്ന് പറയുന്നുണ്ട്. എന്നാൽ സെക്ഷൻ 10(10)ൽ നാലു വർഷത്തേക്കാണ് നിയമനമെന്നും പുനർനിയമനത്തിന് അർഹതയുണ്ടെന്നും പറയുന്നു.
സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് ചാൻസലറാണ് നിയമനം നടത്തേണ്ടത്. ഡോ. ഗോപിനാഥിന് യോഗ്യതയില്ലെന്ന് ഹർജിക്കാർക്ക് പരാതിയില്ല. പുനർനിയമനം നൽകാനാവാത്ത വിധത്തിൽ ആദ്യ നിയമനകാലത്ത് അയോഗ്യതയുണ്ടായെന്ന് ആരോപണവുമില്ല.
പ്രതിപക്ഷം വിവാദങ്ങൾ അവസാനിപ്പിക്കണം: മന്ത്രി ബിന്ദു
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് ഹൈക്കോടതി ശരിവച്ച സാഹചര്യത്തിൽ പ്രതിപക്ഷം വിവാദ എപ്പിസോഡുകൾ അവസാനിപ്പിക്കണമെന്ന് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിധിയോടെ വിവാദ നാടകത്തിന്റെ അദ്ധ്യായം അവസാനിച്ചിരിക്കുകയാണ്. പുനർനിയമനം വിവാദമാക്കിയത് പ്രതിപക്ഷ നാടകമായിരുന്നു.
ഇനിയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മാ പ്രവർത്തനങ്ങളിൽ കണ്ണി ചേരാൻ പ്രതിപക്ഷം ശ്രമിക്കണം. ഇടതുപക്ഷം ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരിക്കുന്നെന്ന ആരോപണമാണ് കഴിഞ്ഞ ദിവസവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. കോടതിവിധി വന്നിട്ടും ആരോപണങ്ങൾ പ്രതിപക്ഷം ആവർത്തിക്കുകയാണ്.
ഗുണമേന്മയിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ഉന്നതവിദ്യാഭ്യാസം മലീമസമാണെന്ന പ്രചാരണം ഗുണകരമല്ലെന്ന് യു.ഡി.എഫ് തിരിച്ചറിയണം. ഡി.സി.സി സെക്രട്ടറിയെ കണ്ണൂർ വി.സിയാക്കിയ ചരിത്രമാണ് യു.ഡി.എഫിനുള്ളത്. രണ്ടര മാസം എൽ.ഡി.എഫിനെ കൂടാതെ തനിക്കുമെതിരെ വ്യക്തിപരമായ ആക്ഷേപമുണ്ടായി. യു.ഡി.എഫാണ് താക്കോൽ സ്ഥാനങ്ങളിൽ നേതാക്കളെ നിയമിച്ച് നിയമനങ്ങളെ രാഷ്ട്രീയവത്കരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മാ വികസനമാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന ഹർജിക്കാരുടെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ, ഇതിൽ നിന്ന് വ്യത്യസ്തമായി സുപ്രീംകോടതിക്ക് പറയാനുണ്ടാവില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.