കോലഞ്ചേരി: കിറ്റെക്സ് കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളികൾ കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രിയിൽ പൊലീസിനെ ആക്രമിച്ച് പൊലീസ് വാഹനം തകർത്ത കേസിൽ കു​റ്റപത്രം സമർപ്പിച്ചു. 175 പേർക്കെതിരെ 524 പേജുള്ള കു​റ്റപത്രം കോലഞ്ചേരി ജുഡിഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേ​റ്റ് കോടതിയിലാണ് സമർപ്പിച്ചത്. പ്രതികൾ ജാർഖണ്ഡ്, നാഗാലാൻഡ്, അസാം, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നിയമ വിരുദ്ധമായി സംഘം ചേർന്ന് കലാപം നടത്തൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമുള്ള കു​റ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരിൽ 84 പേർ ഇതിനകം ജാമ്യമെടുത്തിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാൽ, ഇൻസ്‌പെക്ടർ കെ.ജെ.പീ​റ്റർ എന്നിവരടക്കം 19 പേരാണ് ഉണ്ടായിരുന്നത്.

കുറ്റപത്രം സമർപ്പിച്ചതോടെ കുന്നത്തുനാട് എസ്.എച്ച്.ഒ വി.ടി. ഷാജനടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 51 പ്രതികൾ വിചാരണ നേരിടേണ്ടിവരും.