geologo

കൊച്ചി: കൊച്ചി ഇൻഫോപാർക്കിൽ 160 കോടി രൂപ നിക്ഷേപത്തിൽ ഏഴുലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള പുതിയ കെട്ടിടം നിർമ്മിക്കും. 6,000 പേർക്ക് നേരിട്ടും 12,000 വരെ പേർക്ക് അനുബന്ധമായും തൊഴിലവസരം സൃഷ്ടിക്കുന്നതാണ് പദ്ധതി.

പ്രത്യേക സാമ്പത്തികമേഖലയിൽ വേൾഡ് ട്രേഡ് സെന്ററിന് സമീപം ജിയോ ഗ്രൂപ്പാണ് 12 നില കെട്ടിടസമുച്ചയം നിർമ്മിക്കുന്നത്. മൂന്ന് ടവറുകളുള്ള കെട്ടിടത്തിന്റെ പൈലിംഗ് മാർച്ച് ഏഴിന് ആരംഭിക്കും. ആദ്യ ടവർ 30 മാസത്തിനകം പൂർത്തിയാകും.

വിനോദമേഖല, ക്ലബ് ഹൗസുകൾ, ജോഗിംഗ് ട്രാക്ക്, ജിം, നീന്തൽക്കുളം, 700ഓളം കാറുകൾക്ക് പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. പച്ചപ്പ് നിറഞ്ഞ കാമ്പസാണ് ഒരുങ്ങുക. കോവർക്കിംഗ് സൗകര്യത്തിന് ഏതാനും നിലകൾ മാറ്റിവയ്ക്കും.

കെട്ടിടത്തിന്റെ തറക്കല്ലിടൽ ജിയോ ഗ്രൂപ്പ് ചെയർമാൻ എൻ.വി ജോർജ് നിർവ്വഹിച്ചു. ഫാ. ടൈറ്റസ് കാരിക്കാശേരി, ഐ.ടി പാർക്‌സ് സി.ഇ.ഒ ജോൺ എം. തോമസ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കിൻഫ്ര പാർക്ക് സി.ഇ.ഒ അമ്പിളി ടി.ബി., സിയാൽ മുൻ എം.ഡിമാരായ വെങ്കിടേശ്വരൻ, ബാബു രാജീവ്, ജിയോ ഗ്രൂപ്പ് പ്രൊജക്ട് കോ ഓർഡിനേറ്ററും നിയമോപദേശകനുമായ അഡ്വ. രാജൻ ബാനർജി, വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, പ്രിൻസിപ്പൽ ആർക്കിടെക്ട് കെ.സി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഡാറ്റ അനലിറ്റിക്‌സ്, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയവയിൽ അധിഷ്ടിതമായി കമ്പനികൾ കെട്ടിടത്തിൽ പ്രവർത്തിക്കും.

എൻ.വി ജോർജ്

ചെയർമാൻ, ജിയോ ഗ്രൂപ്പ്

 കോഡെവലപ്പർ പുതിയ സംരംഭം ആരംഭിക്കുന്നത് ഇൻഫോപാർക്കിന്റെയും കേരള ഐ.ടിയുടെയും വികസനത്തിന് മുതൽക്കൂട്ടാകും. കോഡവലപ്പർമാർ മികച്ച സൗകര്യങ്ങൾ ലഭ്യമാകുമ്പോൾ പ്രശസ്ത കമ്പനികൾ കടന്നുവരും.

ജോൺ എം. തോമസ്

സി.ഇ.ഒ

കേരള ഐ.ടി പാർക്‌സ്

 6,000 പേർക്ക് നേരിട്ടും 12,000 വരെ പേർക്ക് അനുബന്ധമായും തൊഴിലവസരം

 ഉയരുന്നത് 12 നില കെട്ടിടസമുച്ചയം