
കൊച്ചി/കാക്കനാട്: കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടര വയസുകാരിക്ക് ദേഹമാസകലം പരിക്കേറ്റതിന്റെ ദുരൂഹതയഴിക്കാനാകാതെ പൊലീസ്. കുമ്പളം സ്വദേശിയായ അമ്മ സൗമ്യയുടെയും മുത്തശ്ശി സരസുവിന്റെയും പരസ്പര വിരുദ്ധമായ മൊഴികളാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.
മകൾ മുതിർന്നവരെപ്പോലെ സംസാരിക്കുകയും സ്വയം ദേഹത്ത് മുറിവുകൾ വരുത്തുകയും ചെയ്തിരുന്നതായി ഇരുവരും ആവർത്തിക്കുന്നു. സൗമ്യയുടെ സഹോദരി സ്മിതയുടെ ഒമ്പതുകാരനായ മകനെ കൗൺസലിംഗിന് വിധേയമാക്കി ദുരൂഹതയുടെ ചുരുളഴിക്കുകയാണ് പൊലീസിന്റെ രണ്ടാമത്തെ പ്ലാൻ. ഒളിവിൽ കഴിയുന്ന സ്മിതയ്ക്കും സുഹൃത്ത് പുതുവൈപ്പ് സ്വദേശി ആന്റണി ടിജിനുമൊപ്പമാണ് കുട്ടി.
ടിജോയും സരസുവും തമ്മിലുള്ള ഫോൺ ശബ്ദരേഖയിൽ തങ്ങൾ ഇടപ്പള്ളിയിലുണ്ടെന്ന് കൊച്ചുമകൻ മുത്തശ്ശിയോട് പറയുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെ സ്വിച്ച് ഓഫ് ചെയ്ത ടിജിന്റെ ഫോണിന്റെ ടവർ ലോക്കേഷൻ മൈസൂരുവിലാണ്.
ഉപദ്രവിച്ചില്ലെന്ന് അമ്മ
മകൾ അസ്വാഭാവികമായാണ് പെരുമാറുന്നതെന്നും ടിജിനുൾപ്പെടെ ആരും മർദ്ദിച്ചിട്ടില്ലെന്നും അമ്മ സൗമ്യ. സ്‌പെഡർമാനാണെന്ന് പറഞ്ഞ് മകൾ ജനലിൽ നിന്നെല്ലാം എടുത്തു ചാടിയിരുന്നു. കൈ ഒടിഞ്ഞെന്ന് ആശുപത്രിയിൽ വച്ചാണ് മനസിലായത്. പെരുമാറ്റത്തിൽ പൊറുതിമുട്ടി മകളെ തല്ലിയിട്ടുണ്ട്. കുന്തിരിക്കം കൊണ്ടാണ് കൈപൊള്ളിയത്. സഹോദരൻ അപകടത്തിൽ മരിച്ചതിന്റെ ഇൻഷ്വറൻസ് ക്ലെയിമിൽ നിന്ന് ഭർത്താവ് നാലുലക്ഷം രൂപ ചോദിച്ചെങ്കിലും നൽകിയില്ല. കുമ്പളത്തെ വീട് സഹോദരിക്ക് നൽകിയതിലും ഭർത്താവിന് അമർഷമുണ്ടായിരുന്നു. ശല്യം സഹിക്കവയ്യാതെയാണ് വർക്കലയിൽ നിന്ന് ഇറങ്ങിപ്പോന്നത്.
കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും സ്‌മിതയുടെ കുടുംബത്തെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും ടിജിൻ. ഫേസ്ബുക്ക് ലൈവിൽ പറഞ്ഞതു. കുട്ടിക്ക് പരിക്കേറ്റതിന്റെ കാരണം ഉടൻ കണ്ടെത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു.
രണ്ടര വയസുകാരിയുടെ ആരോഗ്യനില തൃപ്തികരം
മർദ്ദനമേറ്റ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. വെന്റിലേറ്ററിന്റെ സഹായം മാറ്റി. കഴിഞ്ഞ 48 മണിക്കൂറിനിടെ അപസ്മാരമുണ്ടായിട്ടില്ല. ശ്വാസമെടുക്കുന്നതും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. ട്യൂബ് വഴി ആഹാരം നൽകാനുള്ള ശ്രമത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.