ആലുവ: മഹാശിവരാത്രി ആഘോഷങ്ങൾക്കും 99-ാമത് സർവ്വമത സമ്മേളനത്തിനും ആലുവ അദ്വൈതാശ്രമത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണെന്ന സന്ദേശവുമായി ശ്രീനാരായണ ഗുരുദേവൻ 1924ലെ ശിവരാത്രി നാളിൽ ആരംഭിച്ച സർവ്വമതസമ്മേളനത്തിന്റെ 99-ാമത് സമ്മേളനവും പിതൃബലിതർപ്പണവും മാർച്ച് 1, 2 തീയതികളിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ.
ഒന്നിന് വൈകിട്ട് അഞ്ചിന് സർവ്വമതസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതം പറയും. എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായിരിക്കും. ഫാ. ഡേവിഡ് ചിറമേൽ, ടി.കെ. അബ്ദുൽ സലാം മൗലവി, ധമ്മമിത്ര വയലാർ ഓമനകുട്ടൻ, മഞ്ജുഷ ഇമ്മാനുവേൽ മിറിയം, കെ.എം. രാജൻ, അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, കൗൺസിലർമാരായ കെ. ജയകുമാർ, ശ്രീലത രാധാകൃഷ്ണൻ, അദ്വൈതാശ്രമം മേൽശാന്തി ജയന്തൻ ശാന്തി, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം വി.ഡി. രാജൻ എന്നിവർ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിന് ശ്രീനാരായണ ദാർശനിക സമ്മേളനം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഗുരുപ്രകാശം സ്വാഗതം പറയും. സി.എച്ച്. മുസ്തഫ മൗലവി, സ്വാമി മുക്താനന്ദയതി (നിത്യനികേതൻ ആശ്രമം), ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, പി.എസ്. സിനീഷ്, എം.വി. മനോഹരൻ, നാരായണ ഋഷി എന്നിവർ പങ്കെടുക്കും.
രാത്രി പത്ത് മുതൽ ബലിതർപ്പണം ആരംഭിക്കും. രണ്ടിന് ഉച്ചവരെ തുടരും. സ്വാമി ഗുരുപ്രകാശം, പി.കെ. ജയന്തൻ ശാന്തി, മധുസൂദനൻ ശാന്തി, നാരായണഋഷി ശാന്തി, ചന്ദ്രശേഖരൻ ശാന്തി, റോബിൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സ്ഥലവും കുളിക്കടവും തയ്യാറാക്കിയിട്ടുണ്ട്. വാഹന പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകിയാണെങ്കിലും ആശ്രമം കടവ് നവീകരണം ശിവരാത്രിക്ക് മുമ്പേ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ അൻവർ സാദത്ത് എം.എൽ.എ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവർക്ക് ആശ്രമം നന്ദി രേഖപ്പെടുത്തി. ആശ്രമം വളപ്പിലെ റോഡ് ലോക്ക്കട്ട വിരിച്ചു സഞ്ചാരയോഗ്യമാക്കിയ ആലുവ നഗരസഭക്കും നന്ദി രേഖപ്പെടുത്തി.
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ബോർഡ് മെമ്പർ വി.ഡി. രാജൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മലിനജല പ്ളാന്റ് പൊളിച്ച് നീക്കണം
അദ്വൈതാശ്രമ വളപ്പിൽ നഗരസഭ സ്ഥാപിച്ച മലിനജല സംസ്കരണ പ്ളാന്റ് വർഷങ്ങളായി പ്രവർത്തനരഹിതമായതിനാൽ പൊളിച്ച് മാറ്റണമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ആവശ്യപ്പെട്ടു. 19 വർഷം മുമ്പ് സ്ഥാപിച്ച പ്ളാന്റ് പലഘട്ടങ്ങളിലായി പരമാവധി രണ്ട് വർഷം മാത്രമാണ് പ്രവർത്തിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ നഗരസഭക്ക് നഷ്ടമായത്. കൊതുകു വളർത്തൽ കേന്ദ്രമായി പ്ളാന്റ് മാറി. വെള്ളം കെട്ടികിടന്ന് സഹിക്കാനാകാത്ത ദുർഗന്ധവുമാണ്.