കൊച്ചി: തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ബ്രഹ്മപുരം ജൈവമാലിന്യ സംസ‌്കരണ പ്ലാന്റിന്റെ നടത്തിപ്പ് പുതിയ കമ്പനിക്ക്. കൗൺസിൽ ഏകകണ്ഠമായി അജണ്ട അംഗീകരിച്ചതായി മേയർ എം. അനിൽകുമാർ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ഈ ഫയൽ ചർച്ചക്ക് വന്നപ്പോൾ നാടകീയമായ രംഗങ്ങൾ അരങ്ങേറിയിരുന്നു. പ്ളാന്റ് നടത്തിപ്പ് പുതിയ കമ്പനിക്ക് നൽകാനുള്ള തീരുമാനത്തോട് തുടക്കം മുതൽ വിയോജിച്ചിരുന്ന ഘടകകക്ഷിയായ സി.പി.ഐ കഴിഞ്ഞ കൗൺസിലിലും അതേ നിലപാടിൽ ഉറച്ചുനിന്നു. അന്നത്തെ കൗൺസിൽ യോഗത്തിൽ തന്നെ ഫയലിൽ അന്തിമ തീരുമാനമെടുക്കണമെന്ന് യു.ഡി.എഫും ബി.ജെ.പിയും വാശിപിടിച്ചതോടെ സി.പി.എം പ്രതിരോധത്തിലായി. തർക്കം രൂക്ഷമായതോടെ സി.പി.ഐ യുടെ മുതിർന്ന നേതാവ് സി.ഐ. ഷക്കീർ വിയോജനകുറിപ്പ് എഴുതാൻ മുതിർന്നു. എന്നാൽ മേയറുടെ അഭ്യർത്ഥനയെ തുടർന്ന് ആ നീക്കത്തിൽ നിന്ന് അദ്ദേഹം പിൻമാറിയെങ്കിലും ഡെപ്യൂട്ടിമേയർ കെ.എ. അൻസിയ ഉൾപ്പെടെ സി.പി.ഐയുടെ നാലു കൗൺസിലർമാരും പ്രതിഷേധസൂചകമായി ഇറങ്ങിപ്പോയി. പിന്നാലെ യു.ഡി.എഫ് അംഗങ്ങളും സഭ ബഹിഷ്കരിച്ചു

 അഭിപ്രായവത്യാസമില്ലെന്ന്

മേയർ

കോർപ്പറേഷനിലെ സി.പി. എമ്മിനും സി.പി. ഐക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് മേയർ പറഞ്ഞു. ഫയലുകളുടെ കാര്യത്തിൽ വിരുദ്ധാഭിപ്രായങ്ങളുണ്ടാകുന്നത് സ്വഭാവികമാണ്. വിയോജിപ്പ് അറിയിക്കാൻ രാഷ്‌ട്രിയകക്ഷികൾക്കും കൗൺസിലർമാർക്കും അവകാശവുമുണ്ട്. കൗൺസിൽ ബഹിഷ്കരിച്ചുവെങ്കിലും യു.ഡി. എഫ് കൗൺസിലർമാർ ബ്രഹ്മപുരം അജണ്ട അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പിന്നീട് കത്ത് നൽകിയിരുന്നു. കൗൺസിലിൽ ഫയൽ പരിഗണിച്ച് 48 മണിക്കൂർ കഴിഞ്ഞ ശേഷവും ആരും വിയോജനകുറിപ്പ് നൽകാത്ത സാഹചര്യത്തിലാണ് പുതിയ കമ്പനിയെ ഒരു വർഷത്തേക്ക് പ്ലാന്റ് നടത്തിപ്പ് ഏല്പിക്കുന്നത്. അതിനുളളിൽ പുതിയ പ്ലാന്റ് നിർമ്മാണവുമായി കോർപ്പറേഷൻ മുന്നോട്ടുനീങ്ങും. പത്തുവർഷമായി ടെൻഡർ ഇല്ലാതെയായിരുന്നു ബ്രഹ്മപുരം പ്ലാന്റ് നടത്തിയിരുന്നതെന്ന് എം. അനിൽകുമാർ പറഞ്ഞു.