#റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറൻ കവാടവും ഗവ. ആശുപത്രി - കുന്നുംപുറം ഓവർബ്രിഡ്ജ് ആവശ്യവും കൂട്ടിച്ചേർത്ത് ബഡ്ജറ്റിന് അംഗീകാരം

ആലുവ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ബസ് സ്റ്റാൻഡിലെ കാലപ്പഴക്കമുള്ള മൂന്നുനില വ്യാപാരസമുച്ചയം പൊളിച്ച് ആധുനിക സൗകര്യങ്ങളോടെ റെയിൽവേ സ്റ്റേഷന് അഭിമുഖമാക്കി നഗരസഭ ശതാബ്ദി സ്മാരകം നിർമ്മിക്കുമെന്നത് ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളുമായി ആലുവ നഗരസഭ ബഡ്ജറ്റിന് അംഗീകാരം.

ബഡ്ജറ്റ് ചർച്ചയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയെങ്കിലും റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറൻ കവാടവും ഗവ. ആശുപത്രി - കുന്നുംപുറം ഓവർബ്രിഡ്ജ് ആവശ്യവും കൂട്ടിച്ചേർത്താണ് ബഡ്ജറ്റിന് അംഗീകാരം നൽകിയത്.

പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് അപകടാവസ്ഥയിലാണെന്ന് എൻജിനീയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് പൊളിച്ച് ശതാബ്ദിസ്മാരകം നിർമ്മിക്കാൻ ധാരണയായത്. റെയിൽവേ സ്റ്റേഷൻ സ്‌ക്വയറിനോട് ചേർന്ന് രാജാജി ബിൽഡിംഗിനും മാഞ്ഞൂരാൻ ഗ്ലാസ് ഹൗസിനും ഇടയിലുള്ള സ്ഥലമേറ്റെടുത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കും. ബാങ്ക് കവലയിൽ പേരേക്കാട്ട് ലൈനിന്റെ ഇടതുവശത്തെ സ്ഥലം ഏറ്റെടുത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കും. അവിടത്തെ താമസക്കാരെയും കച്ചവടക്കാരെയും പുനരധിവസിപ്പിക്കും. ഏഴുവർഷംമുമ്പ് നഗരസഭ പ്രഖ്യാപിച്ച സ്വപ്നപദ്ധതിയായ ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയം യാഥാർത്ഥ്യമാക്കുമെന്ന വാഗ്ദാനം ഇക്കുറിയും ബഡ്ജറ്റിലുണ്ട്.

61,11,99,950 രൂപവരവും 60,38,18,750 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അംഗീകരിച്ചത്. ഫിഷറീസ് വകുപ്പിന്റെ 25 കോടി രൂപ ചെലവിട്ട് മാർക്കറ്റ് കെട്ടിടങ്ങൾ, രണ്ട് മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ്, കിഫ്ബിയിൽ ഉൾപ്പെടുത്തി 5.50 കോടിയുടെ മിനിമാർക്കറ്റ് നവീകരണം, ഉദ്യോഗസ്ഥർക്ക് അപ്പാർട്ട്‌മെന്റ്, ഗ്രീൻ കേരള പദ്ധതി, മണപ്പുറത്ത് സൈക്കിളിംഗ്, ജോക്കിംഗ് ട്രാക്ക്, ശ്മശാനനവീകരണം, ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിക്കായി 1553 ബയോ ബിന്നുകൾ, 237ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ പ്രധാന പദ്ധതികളാണ്. വൈസ് ചെയർപേഴ്സൺ ജെബി മേത്തറാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു.


 ബഡ്ജറ്റ് ചർച്ച ബഹളത്തിൽ, പ്രതിപക്ഷം ഇറങ്ങിപ്പോയി

ബഡ്ജറ്റ് ചർച്ചയിൽ വിവിധ വിഷയങ്ങളിൽ ഭരണപക്ഷം മൗനം പാലിച്ചതിലും ചോദ്യംഉന്നയിച്ചവരെ വൈസ് ചെയർപേഴ്സൺ വ്യക്തിഹത്യ നടത്തിയതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ ഇങ്ങിപ്പോയി. ബി.ജെ.പി കൗൺസിലർമാരും സമാനമായ ആക്ഷേപം ഉന്നയിച്ച് ഇറങ്ങിപ്പോയി. സംസ്ഥാന ബഡ്ജറ്റിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പദ്ധതിവിഹിതം ഓരോ വിഭാഗത്തിനും നൽകേണ്ടതുണ്ട്. സർക്കാർ ബഡ്ജറ്റിന് മുമ്പേ ആലുവ നഗരസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്. ബഡജറ്റിനെ തുറന്നുകാട്ടിയപ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനാണ് വൈസ് ചെയർപേഴ്‌സൺ ശ്രമിച്ചത്. നിലവാരമില്ലാത്ത അത്തരം പരാമർശങ്ങളെ നിയന്ത്രിക്കുന്നതിൽ ചെയർമാൻ പരാജയപ്പെട്ടെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ജനകീയാവശ്യങ്ങളോട് മുഖംതിരിഞ്ഞു നിൽക്കുന്ന നഗരസഭയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി പോൾ ജോസഫ് അറിയിച്ചു.

മുൻകാല ബഡ്ജറ്റുകളുടെ തനിയാവർത്തനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എൽ.ഡി.എഫും ബി.ജെ.പിയും സമാനമായ ആരോപണം ഉന്നയിച്ചു.