#അടിസ്ഥാന ലേലത്തുക മൂന്ന് ഘട്ടമായി കുറച്ച് നൽകാനാണ് ബോർഡ് തീരുമാനം

# അംഗീകരിക്കില്ലെന്ന് പുരോഹിതന്മാർ, അടിസ്ഥാനനിരക്ക് 10,000 ആക്കണം

# ഇന്ന് പുരോഹിതന്മാരുടെ പ്രതിഷേധയോഗം

ആലുവ: അമിത നിരക്കിനെത്തുടർന്ന് പുരോഹിതന്മാർ ബഹിഷ്കരിച്ചതിനാൽ മൂന്നുതവണ ആലുവ മഹാശിവരാത്രി ബലിത്തറ ലേലം മുടങ്ങിയതിനാൽ ഉപാധികളോടെ 15ശതമാനം കുറക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗം തീരുമാനിച്ചു. എന്നാൽ ദേവസ്വംബോർഡ് തീരുമാനം അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ പുരോഹിതന്മാർ ഉറച്ചുനിൽക്കുകയാണ്. ഇന്ന് രാവിലെ 11ന് മണപ്പുറത്ത് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധസമ്മേളനവും നടക്കും.

2020ൽ 25,000 രൂപയിലേറെ തുകയ്ക്ക് ലേലം വിളിച്ച ബലിത്തറകളുടെ ലേലമാണി ഇക്കുറി മൂന്ന് ഘട്ടമായി 15 ശതമാനം കുറയ്ക്കാൻ ബോർഡ് തീരുമാനിച്ചത്. അതിനായി ആദ്യം പുരോഹിതന്മാർ ലേലസ്ഥലത്ത് എത്തണം. 2020ലെ അടിസ്ഥാനതുകയ്ക്ക് ലേലം ആരംഭിക്കും. ആരും പങ്കെടുത്തില്ലെങ്കിൽ ഉടൻ അഞ്ച് ശതമാനം കുറച്ച് വീണ്ടും വിളിക്കും. അത്തരത്തിൽ മൂന്ന് ഘട്ടത്തിലായാണ് 15 ശതമാനം കുറയ്ക്കുന്നത്. ഓഡിറ്റ് ഒബ്‌ജക്ഷൻ ഒഴിവാക്കാനാണ് ഇത്തരത്തിൽ തീരുമാനിച്ചതെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം. എ കാറ്റഗറിയിലെ മുഴുവൻ തറകളും ബി കാറ്റഗറിയിൽ കുറച്ചുമാണ് 25,000 രൂപയിൽ അധികം രൂപ 2020ൽ ലേലത്തിൽ പോയത്. ബിയിലെ അവശേഷിച്ച തറകൾക്കും സി കാറ്റഗറിയിലെ മുഴുവൻ തറകൾക്കും ഇളവുകൾ ബാധകമല്ല. ഇവക്ക് 2020ലെ അടിസ്ഥാന ലേലത്തുക നൽകണം.

അതേസമയം ദേവസ്വംബോർഡ് തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് പുരോഹിതന്മാർ പറയുന്നത്. ദേവസ്വം ബോർഡ് തീരുമാനം ക്ഷേത്രഉപദേശക സമിതി ഭാരവാഹികൾ മുഖേന അർച്ചക് പുരോഹിത് സഭയെ അറിയിച്ചെങ്കിലും സമവായ സാദ്ധ്യതയുണ്ടായില്ല. ദേവസ്വംബോർഡ് ചർച്ചയ്ക്ക് വിളിക്കാനാണ് പുരോഹിതന്മാർ പറയുന്നത്. അല്ലെങ്കിൽ 25ന് രാവിലെ പത്തിന് നിശ്ചയിച്ചിട്ടുള്ള ബലിത്തറലേലവും ബഹിഷ്കരിക്കും. കൈയിൽനിന്ന് പണം ചെലവഴിച്ച് ബലിത്തറ കെട്ടാനാകില്ലെന്ന നിലപാട് പുരോഹിതന്മാർ ആവർത്തിച്ചു.

കഴിഞ്ഞ 15നും 16നും നടന്ന ലേലം അമിതനിരക്കും ജി.എസ്.ടിയും ആരോപിച്ച് പുരോഹിതന്മാർ ബഹിഷ്‌കരിച്ചത് സംബന്ധിച്ച് 17ലെ 'കേരളകൗമുദി' വാർത്തയെത്തുടർന്ന് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ലേലത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഇടക്കാല ഉത്തരവുമിട്ടിരുന്നു. തുടർന്ന് 22ന് നടന്ന മൂന്നാമത്തെ ലേലവും പുരോഹിതന്മാർ ബഹിഷ്കരിച്ചു. 148 തറകളിൽ ഇതുവരെ ആകെ ഒമ്പത് തറകളാണ് നൽകിയത്. ഇതേത്തുടർന്നാണ് ഇന്നലെ ദേവസ്വം ബോർഡ് യോഗംചേർന്ന് 15 ശതമാനം കുറക്കാൻ തീരുമാനിച്ചത്. ബോർഡ് തീരുമാനം സാഹചര്യങ്ങളുമായി യോജിക്കുന്നതല്ലെന്നാണ് പുരോഹിതന്മാരും ഹൈന്ദവ സംഘടനകളും ആരോപിക്കുന്നത്.