മൂവാറ്റുപുഴ: നഗരത്തിലെ പുരാതന കുളിക്കടവുകളിൽ ഒന്നായ വെള്ളൂർക്കുന്നം കടവിന്റ നവീകരണം തുടങ്ങി. പതിനൊന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ കടവുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിരവധി പേർ കുളിക്കാനെത്തുന്ന കടവിന്റ കൽക്കെട്ടുകളും മറ്റും തകർന്നിട്ട് നാളുകളായിരുന്നു. മൂന്നു കടവുകളാണ് ഇവിടെയുള്ളത്. കൽക്കെട്ടുകൾക്ക് പുറമെ മതിലും കെട്ടുന്നുണ്ട്. വെള്ളൂർക്കുന്നം ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് മുമ്പായി കടവ് നവീകരണം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. നൂറുകണക്കിന് ഭക്തരാണ് വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനായി എത്തുന്നത്. ബലിതർപ്പണം നടത്തുന്നത് വെള്ളൂർക്കുന്നം കടവിലാണ് എന്നതിനാൽ എത്രയുംവേഗം കടവ് നവീകരണം പൂർത്തിയാക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.