പറവൂർ: ജില്ലയിൽ ചെമ്മീൻ കെട്ടുകളിൽ രൂഷമായ വൈറസ് ബാധ മൂലം ചെമ്മീൻകൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ജില്ലയുടെ പടിഞ്ഞാറൻതീരത്തോട് ചേർന്ന് കിടക്കുന്ന വൈപ്പിൻമേഖലയിലും ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ, കടമക്കുടി,പ്രദേശങ്ങളിലെ കെട്ടുകളിലും വൈറസ്ബാധ രൂക്ഷമാണ്. ഇതുമൂലം കർഷകർ പ്രതിസന്ധിയിലാണ്. കാലാവസ്ഥാ വ്യതിയാനംമൂലം കാലവർഷം രണ്ടുമാസം നീണ്ടുനിന്നതും ഡാമിൽനിന്ന് നവംബർ, ഡിസംബർ, മാസങ്ങളിൽ ഇടയ്ക്കിടെ വെള്ളം തുറന്നുവിട്ടതും അമിത വേലിയേറ്റം ദിവസങ്ങളോളം നീണ്ടുനിന്നതും സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് പുറമെയാണ് പുതിയ പ്രതിസന്ധി.
ചെമ്മീൻ കെട്ടുകളുടെ ലൈസൻസ് കാലാവധി മാർച്ച് 31ന് അവസാനിക്കും. കാലാവധി മേയ്‌വരെ നീട്ടിനൽകി, കർഷകരെ സഹായിക്കണമെന്ന് കേരള അക്വാ ഫാർമേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ആർ. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി എം.കെ. പ്രദീപ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സർക്കാരിനും ജില്ലാ കളക്ടർക്കും നിവേദനം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.