dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്‌ജി ഹണി എം. വർഗീസ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ നീണ്ടു പോകുമെന്നും ആറു മാസം കൂടി സമയം വേണമെന്നും അപേക്ഷയിൽ പറയുന്നു. വിചാരണ നടപടികൾ ഫെബ്രുവരി 16 നകം പൂർത്തിയാക്കാനാണ് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജി, സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി, സ്പെഷ്യൽ പ്രോസിക്യൂട്ടർ പദവി ഒഴിഞ്ഞ സംഭവം തുടങ്ങിയവ അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. കേസിൽ ഇതുവരെ 210 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്റെ 500 ഓളം രേഖകളും പ്രതിഭാഗത്തിന്റെ 50 രേഖകളും പരിശോധിച്ചു. 84 തൊണ്ടിസാധനങ്ങളുടെ പരിശോധനയും പൂർത്തിയായി.