തൃക്കാക്കര: അങ്കണവാടി ടീച്ചറെ നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയാതായി പരാതി. തൃക്കാക്കര നഗരസഭയിലെ 41-ാം വാർഡിലെ അങ്കണവാടി ടീച്ചറായ എ.വി ബീനയാണ് ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർക്ക് പരാതി നൽകിയത്. തൃക്കാക്കര നഗരസഭാചെയർപേഴ്സൺ അജിത തങ്കപ്പൻ, യു.ഡി.എഫ് കൗൺസിലർ അഡ്വ.ലാലി ജോസഫ്,​ വാർഡ് കൗൺസിലറും മുൻസിപ്പൽ വൈസ് ചെയർമാൻ എ.എ ഇബ്രാഹം കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

7 വർഷം മുമ്പ് 41-ാം ഡിവിഷനിൽ നിന്നും താത്കാലികമായി അങ്കണവാടി മുപ്പത്തിയാറാം ഡിവിഷനിലേക്ക് മാറ്റിയിരുന്നു.എന്നാൽ കഴിഞ്ഞ ജനുവരിയിൽ 41 വാർഡിൽ പുതിയ വാടകക്കെട്ടിടം കണ്ടെത്തി പ്രവർത്തനം ആരംഭിച്ചതാണ് പ്രകോപനത്തിന് കാരണം. കഴിഞ്ഞ ദിവസം ചെയർപേഴ്സന്റെ നേതൃത്വത്തിൽ അങ്കണവാടി വെൽഫെയർ കമ്മിറ്റി യോഗത്തിനിടെ ബലമായി മിനിട്ട്സ് ബുക്കും രേഖകളും പിടിച്ചെടുക്കുകയും ജോലി തെറിപ്പിച്ച് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. അങ്കണവാടി വെൽഫെയർ കമ്മിറ്റികളിൽ നഗരസഭ ചെയർപേഴ്സനും മറ്റൊരു വാർഡിലെ കൗൺസിലറും പങ്കെടുത്തത് അസാധാരണമായ സംഭവമാണെന്ന് പരാതിയിൽ പറയുന്നു.