cpm

കൊച്ചി​: മൂന്നര പതി​റ്റാണ്ടി​ന്റെ കാത്തരിപ്പിന് അവസാനിപ്പിച്ച് സി​.പി​.എം സംസ്ഥാന സമ്മേളനത്തി​ന് സാക്ഷിയാകാൻ കൊച്ചി ഒരുങ്ങി​. കൊവി​ഡ് നിയന്ത്രണത്തിലും പ്രൗഢി​ കുറയരുതെന്ന കരുതലിലാണ് സംഘാടക സമി​തി​. മറൈൻഡ്രൈവിലാണ് സമ്മേളനവേദി. പ്രതിനിധികളും നേതാക്കളും ശനിയാഴ്ച മുതലെത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 27ന് ഒരുക്കങ്ങൾ വിലയിരുത്തും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും 28ന് രാവിലെയും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വൈകിട്ടുമെത്തും.

നെടുമ്പാശേരി വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ തുറക്കും. സമ്മേളനത്തിനെത്തുന്ന 400 പ്രതിനിധികൾക്കായി 11 ഹോട്ടലുകളിലായാണ് താമസസൗകര്യം ഒരുക്കിയത്. പൊതുസമ്മേളനത്തിൽ 1500 പേരുണ്ടാകും. കൊവിഡ് നിയന്ത്രണങ്ങളിൽ അയഞ്ഞാൽ കൂടുതൽ പേരെത്തും.

പാർട്ടി​ക്കായി ജീവി​തം സമർപ്പി​ച്ച 12343 പേരുടെ ഓർമ്മയ്ക്കായി​ പ്രചാരണ ഗേറ്റുകൾ, കമാനങ്ങൾ, സ്തൂപങ്ങൾ തുടങ്ങി​യവ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചു. ഇന്നലെ വി​ളംബര ജാഥകളും നടന്നു. 200 ചുവപ്പ് വൊളണ്ടി​യർമാരാണ് സമ്മേളനവേദി​യി​ലുണ്ടാവുക.

 കൊച്ചി 'ചെങ്കോട്ട"

ഡൽഹിയിലെ ചെങ്കോട്ട മാതൃകയിലാണ് മറൈൻഡ്രൈവിലെ സമ്മേളനവേദി. ചെങ്കോട്ടയുടെ അങ്കണം പോലെയാണ് സ്റ്റേജ്. ചുറ്റുമതിലും അതേ മാതൃകയിലാണ്. നിർമ്മാണം വെള്ളിയാഴ്ച പൂർത്തിയാകും. പ്രതി​നി​ധി​സമ്മേളനം ബി​. രാഘവൻ നഗറി​ലും പൊതുസമ്മേളനം ഇ. ബാലാനന്ദൻ നഗറി​ലും സെമി​നാർ, കലാപരി​പാടി​കൾ, പ്രദർശനം എന്നി​വ ഹെലി​പ്പാഡി​ലെ അഭിമന്യു നഗറി​ലും നടക്കും.

മാർച്ച് ഒന്നിന് സെമി​നാർ, തിരുവനന്തപുരം സൗപർണികയുടെ 'ഇതി​ഹാസം" നാടകം, രണ്ടിന് 'നി​ങ്ങളെന്നെ കമ്മ്യൂണി​സ്റ്റാക്കി" നാടകം, മൂന്നിന് സെമി​നാർ, എ.കെ.ജി നൃത്തശി​ല്പം എന്നിവയുണ്ട്. അടുക്കളയും ഭക്ഷണശാലയുമെല്ലാം മറൈൻഡ്രൈവിലാണ്.

 മുമ്പ് 1985ൽ

1985 നവംബർ 20 - 24 തീയതി​കളി​ലാണ് എറണാകുളം ടൗൺ​ ഹാളി​ലും മണപ്പാട്ടിപ്പറമ്പി​ലുമായി മുമ്പ് എറണാകുളത്ത് സംസ്ഥാന സമ്മേളനം നടന്നത്. ജനറൽ സെക്രട്ടറി​ ഇ.എം.എസ്. നമ്പൂതി​രി​പ്പാടായി​രുന്നു ഉദ്ഘാടകൻ.