61.56 കോടിയുടെ നഷ്ടം
കൊച്ചി: രണ്ടു വർഷം മുൻപുള്ള ഫയലുകൾ പോലും ഓഡിറ്റ് ചെയ്യാൻ നൽകാതെ കൊച്ചി കോർപ്പറേഷൻ. ഫയലുകൾ ലഭിക്കാത്തതിനാൽ വിവിധ മരാമത്തു പദ്ധതികൾക്കായി 2019– 20 വർഷത്തിൽ ചെലവാക്കിയ 61.56 കോടി രൂപയ്ക്ക് ഓഡിറ്റ് വിഭാഗം അനുമതി നൽകിയില്ല. സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഫയലുകൾ കൃത്യമായി ഓഡിറ്റ് ചെയ്യണമെന്നാണു ചട്ടം. .
2019– 20 വർഷത്തിൽ തനത് ഫണ്ട്, അമൃത് പദ്ധതി എന്നിവ വഴി ചെലവഴിച്ചു നടത്തിയ മരാമത്ത് ജോലികളുടെ ഫയലുകൾ 2020 ഒക്ടോബറിൽ ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യപ്പെട്ടതിന്റെ പകുതി ഫയലുകൾ പോലും നൽകിയില്ല. നേരിട്ടും കത്തുകൾ മുഖേനയും ഇക്കാര്യം ഉന്നയിച്ചിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണു പദ്ധതികൾക്കു വേണ്ടി ചെലവഴിച്ച 61.56 കോടി രൂപ തടസ്സപ്പെടുത്തിയത്. ചെലവഴിച്ച തുക ഉത്തരവാദിയായ ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കണമെന്നും ഓഡിറ്റ് നിർദേശിച്ചിട്ടുണ്ട്.
2019– 20 ലെ 352 ഫയലുകളും 2018– 19 ലെ 30.12 കോടി രൂപയുടെ ഫയലുകളും ഓഡിറ്റിനു നൽകിയില്ല
റേ പദ്ധതിയിൽ വൻ ക്രമക്കേട്
കൊച്ചി : ഫോർട്ടുകൊച്ചി തുരുത്തി കോളനിയിൽ നടപ്പാക്കുന്ന റേ ഭവന പദ്ധതിയിൽ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് 2019– 20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. 900 വീടെങ്കിലും അനുവദിക്കാവുന്ന തുകയ്ക്ക് 100 വീടുകൾ പോലും നിർമ്മിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നു ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തി. പദ്ധതിക്കു വേണ്ടി ചെലവഴിക്കുന്ന 39 കോടി രൂപയ്ക്കു ലൈഫ് മിഷൻ പദ്ധതി പ്രകാരമായിരുന്നെങ്കിൽ (ഒരു വീടിന് 4 ലക്ഷം രൂപ) 975 വീടുകൾ നിർമിക്കാൻ സാധിക്കുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
2012 ൽ റേ പദ്ധതിക്കായി 14.75 കോടി രൂപയുടെ എസ്റ്റിമേറ്റ്
11 നിലകളിലായി 199 വീടുകൾ
2017 ൽ 18.25 കോടി രൂപയുടെ കരാർ ഒപ്പുവച്ചു.
കരാർ കാലാവധി രണ്ടു വർഷം
ഗുരുതരമായ വീഴ്ച
ഒരു നിലയുടെ പോലും നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് കരാറുകാരന് 10 കോടി മുൻകൂറായി അനുവദിച്ചു. പെർഫോമൻസ് ഗ്യാരന്റി തുകയായ 91.23 ലക്ഷം രൂപയും പണി പൂർത്തിയാക്കാതെ തന്നെ കരാറുകാരന് മടക്കി നൽകി. ഈ തുക കരാറുകാരനിൽ
നിന്നു തിരികെ ഈടാക്കണം. അല്ലാത്ത പക്ഷം കോർപ്പറേഷൻ അഡീഷനൽ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനീയർ,മുൻമേയർ സൗമിനിജെയിൻ എന്നിവരിൽ നിന്നു ഈടാക്കണമെന്നാണ് ഓഡിറ്റ് നിർദ്ദേശം.