
കൊച്ചി: മാലിന്യ സംസ്‌കരണം കുറഞ്ഞ, ലോക്ക്ഡൗണിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്ന കൊവിഡ് വർഷത്തിൽ
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ നിർമ്മാർജ്ജനത്തിന് ചെലവഴിച്ചത് 562.40 കോടി രൂപ ! എന്നിട്ടും നാടെങ്ങും മാലിന്യക്കൂമ്പാരമാണ്.
2020 ഏപ്രിൽ ഒന്നു മുതൽ 2021 മാർച്ച് 31വരെയുള്ള കണക്കാണിത്. നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി കഴിഞ്ഞ നവംബറിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരുവർഷം 562,40,36,057രൂപ മാലിന്യ നിർമ്മാർജ്ജനത്തിന് ചെലവിട്ടതായി പറയുന്നത്. മിക്ക തദ്ദേശസ്ഥാപനങ്ങൾക്കും ഫലപ്രദമായ മാലിന്യസംസ്കരണ സംവിധാനമില്ല. ഉള്ളതാകട്ടെ നേരാംവണ്ണം പ്രവർത്തിക്കുന്നുമില്ല.
ഇക്കാലയളവിൽ 27.43 കോടി രൂപ ചെലവഴിച്ച കൊച്ചി നഗരത്തിലെ മുഴുവൻ തോടുകളും ഇപ്പോഴും മാലിന്യക്കൂമ്പാരമാണ്. നഗരപരിധിയിലെ 50 ലധികം സ്ഥലങ്ങളിൽ വലിയ മാലിന്യനിക്ഷേപമുണ്ട്. കോടികൾ ചെലവഴിച്ച് നിർമ്മിച്ച ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം നോക്കുകുത്തിയായി. നഗരപരിധിയിൽ ഒരോ വീട്ടിൽ നിന്നും വർഷം ശരാശരി 1200 രൂപ മുതൽ 2400 രൂപ വരെ യൂസേഴ്സ് ഫീ ഈടാക്കിയാണ് മാലിന്യം ശേഖരിക്കുന്നത്. എന്നിട്ടും ശേഖരിച്ച മാലിന്യം ഫലപ്രദമായി സംസ്കരിക്കാറില്ല. രാജ്യത്തിന് തന്നെ അഭിമാനമായ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിസരമുൾപ്പെടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യക്കൂമ്പാരമുണ്ട്. 'കോർപ്പറേഷൻ സെക്രട്ടറി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിൽ പോലും രക്ഷയില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടും പദ്ധതിവിഹിതവും ഉൾപ്പെടെ ഭാരിച്ചതുക മാലിന്യസംസ്കരണത്തിനായി ചെലവഴിച്ചിട്ടും പ്രശ്നം പരിഹരിക്കാനാവാത്തത് ഗൗരവമായി കാണമെന്ന് നിയമസഭ പരിസ്ഥിതികമ്മിറ്റി 2021 നവംബറിൽ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
കോർപ്പറേഷനുകളിലെ മാലിന്യസംസ്കരണ ചെലവ് (2020-21), തുക കോടിയിൽ
കോഴിക്കോട് - 42.56
തിരുവനന്തപുരം - 29.09
കൊച്ചി - 27.43
കൊല്ലം 12.90
തൃശൂർ 2.27
കണ്ണൂർ 1.61
3 കോടിക്ക് മുകളിൽ ചെലവഴിച്ച നഗരസഭ
കൊടുങ്ങല്ലൂർ - 8.19
പാലക്കാട് - 8.09
കോട്ടയം - 6.29
ഗുരുവായൂർ - 5.42
കളമശേരി - 5.42
മഞ്ചേരി - 5.23
കായംകുളം - 4.68
കരുനാഗപ്പള്ളി - 4.48
പയ്യോളി - 4.26
ചങ്ങനാശേരി - 3.97
ഒരുകോടിക്ക് മേൽ ചെലവഴിച്ച
ഗ്രാമപഞ്ചായത്തുകൾ
കുന്നത്തുകാൽ - 1,36,24,792
അടിമാലി - 1,19,70,922
ചിറയ്ക്കൽ - 1,11,77,773
നെന്മാറ - 1,06,47,400
തിരുനെല്ലി - 1,03,76,519
മാറഞ്ചേരി - 1,01,52,366
വെറും പതിനായിരം
എറണാകുളം ജില്ലയിലെ എടത്തല ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത് 10,000 രൂപ മാത്രം. പൂർണ്ണമായും സംരക്ഷിത വനമേഖലയിലുള്ള ഇടമലക്കുടി ഗ്രാമപഞ്ചായത്ത് 69,996 രൂപ ചെലവഴിച്ചപ്പോഴാണ് എടത്തല പതിനായിരത്തിൽ ഒതുക്കിയത്.
ആകെ ചെലവ് ₹ 562.40 കോടി
6 കോർപറേഷൻ , 87 നഗരസഭ .........₹ 287.76 കോടി
941 ഗ്രാമപഞ്ചായത്ത്...........................₹ 274.64 കോടി