കൊച്ചി: ചെല്ലാനം മുതൽ ഫോർട്ടു കൊച്ചി വരെയുള്ള കടൽ ഭിത്തി നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകാൻ കൊച്ചിൻ പോർട്ട് ട്രസ്റ്റിനോടു നിർദ്ദേശിക്കണമെന്ന ആവശ്യത്തിൽ പോർട്ട് ട്രസ്റ്റ് വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ചെല്ലാനത്തെ തീര സംരക്ഷണത്തിനു നടപടി വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ ഡാൽഫിൻ ഉൾപ്പെടെ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. ഹർജി മാർച്ച് എട്ടിനു വീണ്ടും പരിഗണിക്കും. എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്‌സണായ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി ഹണി. എം. വർഗ്ഗീസ് ഈ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ച് റിപ്പോർട്ട് സമർപ്പിച്ചു.

സമഗ്ര പദ്ധതി വേണമെന്ന് റിപ്പോർട്ട്

ചെല്ലാനത്തു പത്തു കിലോമീറ്റർ തീരം സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യ വരെയുള്ള 17 കിലോമീറ്റർ തീരം സംരക്ഷിക്കാൻ സമയബന്ധിതമായി പദ്ധതി നടപ്പാക്കിയില്ലെങ്കിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

തീര ശോഷണത്തിനുള്ള കാരണങ്ങളിൽ ഒന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് നടത്തുന്ന ഡ്രഡ്‌ജിംഗ് ആണ്. പോർട്ട് ട്രസ്റ്റ് പ്രതി വർഷം നാലു മില്യൺ ഘനമീറ്റർ മണ്ണ് ഷിപ്പിംഗ് ചാനലിൽ നിന്ന് ഡ്രഡ്ജ് ചെയ്ത് പുറം കടലിൽ നിക്ഷേപിക്കുന്നുണ്ട്. ഇതും കായലിൽ നിന്ന് അടിഞ്ഞുകൂടുന്ന എക്കലും ചേർത്ത് കുറഞ്ഞ ചെലവിൽ ബീച്ച് പരിപാലിക്കാനാവും. ഇതിനു പുറമേ ഈ മേഖലയിൽ മൺസൂൺ കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധനാവും വേണം. തീരശോഷണം തടയാൻ ടെട്രാപോഡുകൾ ഉപയോഗിച്ചു കടൽഭിത്തി സ്ഥാപിക്കുന്ന ജോലികൾ അടുത്ത മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കുമോയെന്ന് വ്യക്തമല്ല. അതിനാൽ നിലവിലുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിക്കണം. കൂടാതെ ബസാർ പോലെയുള്ള മേഖലകളിൽ ജീവനാശവും തീരശോഷണവും ഒഴിവാക്കാൻ മഴക്കാലത്തിനു മുമ്പുള്ള ഇടക്കാല സുരക്ഷാ നടപടികൾ അനിവാര്യമാണ്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ടെട്രാപോഡുകളുടെ നിർമ്മാണം നടത്തുന്നത്. മാർച്ച് പകുതിയോടെ ഇതു പൂർണതോതിൽ എത്തും. എന്നാൽ തീരശോഷണം തടയുന്നതിനുള്ള നിലവിലെ പദ്ധതിയുടെ ആദ്യഘട്ടം അടുത്ത മഴക്കാലത്തിനു മുമ്പ് പൂർത്തിയാകുമോയെന്ന് ഉറപ്പില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.