കൊച്ചി: നഗരത്തിലെ സ്മാർട്ട് റോഡുകളിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ പുതുമോടിയിലേക്ക് മാറുന്നു. സൗരോർജ്ജത്താൽ തെളിയുന്ന വിളക്കുകൾ, സുരക്ഷ ഉറപ്പാക്കുന്നതിനായി സി.സി.ടി.വി ,ചാർജിംഗ് പോയിന്റ്, വേസ്റ്റ് ബിൻ, അതിക്രമങ്ങൾ ഉണ്ടായാൽ ഉടനടി അധികൃതർക്ക് വിവരം കൈമാറാൻ എസ് ഓ എസ് അലെർട്ട് ബട്ടണുകൾ.... എന്നിങ്ങനെ വിദേശരാജ്യങ്ങളുടെ മാതൃകയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ‌ഷെൽട്ടറുകളാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) നേതൃത്വത്തിൽ പണികഴിപ്പിക്കുന്നത്. ഒരു മാസത്തിനുള്ളിൽ എബ്രഹാം മടമാക്കൽ റോഡിലെ രണ്ടു ബസ് ഷെൽട്ടറുകൾ പുതിയ രൂപത്തിലേക്ക് മാറും. 20 ലക്ഷം രൂപയാണ് പദ്ധതിചെലവ്.
എബ്രഹാം മടമാക്കൽ റോഡ്, ഷൺമുഖം റോഡ് , പാർക്ക് അവന്യൂ റോഡ്, ഡി .എച്ച്. റോഡ് എന്നിവയാണ് സ്മാർട്ട് റോഡുകളായി പുനർ നിർമ്മിച്ചത്. പ്രകൃതി സൗഹൃദ സ്മാർട്ട് ബസ് ഷെൽട്ടർ എന്ന ആശയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സി .എസ്. എം. എൽ സി.ഇ.ഒ ഷാനവാസ്. എസ് പറഞ്ഞു. ഇത് കൊച്ചിക്കുള്ള വിഷുക്കൈനീട്ടമാണ്. ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പരിപാലന ചുമതല മൂന്നു വർഷത്തേക്ക് നിർമ്മാണ കമ്പനിയെ ഏല്പിക്കും. അദ്ദേഹം പറഞ്ഞു.