ആലുവ: നഗരത്തിലെ ഭൂഗർഭ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ആലുവ മേഖലാ കമ്മിറ്റി വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.
പമ്പുകവല മുതൽ ബാങ്ക് കവലവരെ പൈപ്പിടലുമായി ബന്ധപ്പെട്ട് റോഡ് കുഴിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റീടാറിംഗിന് നടപടി സ്വീകരിക്കാത്തതിനാൽ ഇതിലൂടെ പോകുന്നവർ പൊടിയിൽ പുതയുകയാണ്. നിരവധി വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, പാലസ്, മുനിസിപ്പൽ ഓഫീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റോഡിലാണ് ഈ ദുരവസ്ഥ.
ഇന്നുതന്നെ ജോലികൾ പൂർത്തിയാക്കി ടാറിംഗിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്നും രാവിലെയും വൈകിട്ടും പൊടിശല്യമൊഴിവാക്കാൻ റോഡിൽ വെള്ളംതളിക്കാമെന്നും സമരക്കാർക്ക് അധികൃതർ ഉറപ്പ് നൽകി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം.യു. പ്രമേഷ്, മേഖലാ സെക്രട്ടറി വി.ജി. നികേഷ്, രാജീവ് സക്കറിയ, നസറുദ്ദീൻ, സുധീർ, ഫൈസൽ, പ്രശാന്ത്, രാഹുൽ , ജിതിൻ, ശ്യം, ഹിജാസ് എന്നിവർ പങ്കെടുത്തു.