കോലഞ്ചേരി /കാക്കനാട്: രണ്ടര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംശയ നിഴലിലുള്ള മാതൃസഹോദരി സ്‌മിതയും ഒപ്പം താമസിച്ചിരുന്ന ആന്റണി ടിജിനും മൈസൂരുവിൽ പിടിയിലായി. സ്‌മിതയുടെ ഒമ്പതുവയസുള്ള മകനും ഇവർക്കൊപ്പമുണ്ട്. അതിനിടെ കുഞ്ഞിന്റെ അമ്മയും സ്‌മിതയുടെ അനുജത്തിയുമായ സൗമ്യയും അമ്മൂമ്മയും ആശുപത്രിയിൽ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കണ്ടെത്തിയാണ് തൃക്കാക്കര പൊലീസ് സ്മിതയെയും ഒപ്പമുള്ളവരെയും പിടികൂടിയത്. ഇവരെ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിക്കും.

കാക്കനാട് തെങ്ങോടുള്ള അപ്പാർട്ട്മെന്റിൽ നിന്ന് മൂവരും കാറിലും തുടർന്ന് ട്രെയിനിലുമായാണ് ബംഗളൂരുവിൽ എത്തിയത്. ലോഡ്‌ജിൽ ഒരുദിവസം തങ്ങിയശേഷം മൈസൂരുവിലെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിനാണ് അവിടെ പൊലീസെത്തിയത്.

കുഞ്ഞിനെ മർദ്ദിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ പറഞ്ഞു. ജനലിന്റെ മുകളിൽ നിന്ന് ചാടി കുഞ്ഞിന് പലതവണ പരിക്കേറ്റിട്ടുണ്ടെന്ന് സ്മിത പറഞ്ഞു. സ്മിതയ്ക്കും മകനും കൗൺസലിംഗ് നൽകിയ ശേഷം മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.

ആന്റണി ഒട്ടേറെ കേസുകളിൽ പൊലീസിന്റെ സ്ഥിരം സാക്ഷിയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പമുളള ഫോട്ടോകൾ ടിജിന്റെ ശേഖരത്തിലുണ്ട്. ഇവ കാട്ടി താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പലരെയും വിശ്വസിപ്പിച്ചിരുന്നു.

അമ്മയും അമ്മൂമ്മയും അപകടനില തരണം ചെയ്തു

കോലഞ്ചേരി മെഡിക്കൽ കോളേജിൽ കഴിയുന്ന കുഞ്ഞിന്റെ അമ്മ സൗമ്യയെ ടോയ്‌ലെറ്റിലും അമ്മൂമ്മ സരസുവിനെ ഐ.സി.യുവിന് പുറത്തും കൈഞരമ്പ് മുറിച്ചനിലയിൽ ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് കണ്ടെത്തിയത്.

സൗമ്യ ടോയ്ലെ​റ്റിൽ നിന്നു പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് സെക്യൂരി​റ്റി തുറന്നപ്പോഴാണ് രണ്ട് കൈകളിലെയും ഞരമ്പുകൾ മുറിച്ച് രക്തം വാർന്ന നിലയിൽ കണ്ടത്. വിശ്രമസ്ഥലത്താണ് സരസുവിനെ കഴുത്തിലെ ഞരമ്പും കൈഞരമ്പും മുറിച്ചനിലയിൽ കണ്ടെത്തിയത്. അപകടനില തരണം ചെയ്ത ഇരുവരും പ്രത്യേക പരിചരണ വിഭാഗത്തിലാണ്.

കുഞ്ഞിന്റെ നില മെച്ചപ്പെട്ടു

ഐ.സി.യുവിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടു. കണ്ണുകൾ തുറക്കാനും പ്രതികരിക്കാനും തുടങ്ങിയെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പും അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ പി.വി. തോമസും പറഞ്ഞു.