ആലുവ: ശിവരാത്രിക്ക് മുമ്പേ അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരം കടവിന്റെ നവീകരണം പൂർത്തിയാക്കുമെന്ന ഉറപ്പ് ഒടുവിൽ ഇറിഗേഷൻ അധികൃതർ പാലിച്ചു. നിശ്ചയിച്ചതിലും ഒരു ദിവസം മാത്രമാണ് വൈകിയത്. ഇന്നലെ വൈകിട്ടോടെ നവീകരണം പൂർത്തിയാക്കി.
മുടങ്ങിപ്പോയ നവീകരണ ജോലികൾ കഴിഞ്ഞ എട്ടിന് പുനരാരംഭിക്കുകയായിരുന്നു. 23ന് നവീകരണം പൂർത്തിയാക്കാനാണ് കഴിഞ്ഞ ഏഴിന് അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ഇറിഗേഷൻ വകുപ്പ്, അദ്വൈതാശ്രമം അധികൃതരുടെ യോഗം തീരുമാനിച്ചത്. എട്ടിന് പുനരാരംഭിക്കാനായില്ല. എന്നാൽ ഒമ്പതിന് പുനരാരംഭിച്ച നിർമ്മാണം ഞായറാഴ്ച്ചകളിലും കൂടുതൽ ആളുകളെ നിർത്തിയാണ് ഇപ്പോൾ സമയബന്ധിതമായി പൂർത്തിയാക്കിയത്. 15 ലക്ഷം രൂപ ചെലവഴിച്ച് ഇറിഗേഷൻവകുപ്പ് ഒരുവർഷം മുമ്പാരംഭിച്ച കടവ് നവീകരണം പാതിവഴിയിൽ മുടങ്ങിയത് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അൻവർ സാദത്ത് എം.എൽ.എ വിഷയത്തിൽ ഇടപെട്ടത്.
ഇറിഗേഷൻ വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ ടി. സന്ധ്യ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പ്രവീൺലാൽ, അസി. എൻജിനീയർ ടി.എം. സുനിത എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കരാറുകാരൻ വിൽസൺ നെടുമ്പാശേരിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഉദ്ഘാടനം 2.30ന്
നവീകരിച്ച ഗുരുമന്ദിരം കടവിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്കുശേഷം 2.30ന് അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.