കോലഞ്ചേരി: വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകി. കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് ആശുപത്രിയിൽ മുടങ്ങിക്കിടക്കുന്ന കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന ആവശ്യവുമായി എത്തിയ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അടക്കമുള്ളവർക്കാണ് ഉറപ്പ് നൽകിയത്. മണ്ഡലത്തിലെ പ്രധാന സർക്കാർ ആതുരാലയങ്ങളിലൊന്നായ ഇവിടെ നൂറുകണക്കിന് സാധാരണക്കാരാണ് ചികിത്സ തേടിയെത്തുന്നത്. ഒരു വർഷത്തിലധികമായി കിടത്തി ചികിത്സ നിർത്തിവെച്ചിരിക്കുകയാണ്. അമ്പതോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. എന്നാൽ ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവാണ് ചികിത്സ നിന്നുപോകാൻ കാരണമായത്. ഇക്കാര്യങ്ങൾ പരിശോധിച്ച് അടിയന്തരനടപടി സ്വീകരിക്കുമെന്നാണ് മന്ത്രി ഉറപ്പ് നൽകിയത്. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.