ഫോർട്ട് കൊച്ചി: ഫോർട്ടുകൊച്ചി-വെപ്പിൻ വാഹന കടത്ത് റോ- റോ വെസൽ അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിൽ. നാലാഴ്ചയായി അഴിമുഖ കടത്തിനുള്ളത് ഒരു റോ- റോ മാത്രം. ഇതോടെ വാഹന കടത്തും ജനങ്ങളുടെ യാത്രയും ദുരിതത്തിലായി. പ്രതിവർഷ അറ്റകുറ്റപ്പണിക്കായി ജനുവരി 30 നാണ് റോ- റോ വെസൽ അറ്റകുറ്റപ്പണിക്കായി കെട്ടിയിട്ടത്.വെപ്പിൻ ജെട്ടിക്ക് സമീപം വിശ്രമിക്കുന്ന വെസൽ അറ്റകുറ്റപ്പണി നീളുന്നതും അനിശ്ചിതത്വത്തി നിടയാക്കിയിട്ടുണ്ട്. ഒരു വെസൽ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.ഇതിലാകട്ടെ തിരക്ക് മൂലം യാത്ര ദുരിതപൂർണ്ണവുമാകുന്നു. പ്രതിദിനം 3000 ത്തിലെറെ ഇരു മുചക്രവാഹനങ്ങളും 500 ൽ ഏറെ വലിയ വാഹനങ്ങളുമാണ് റോ- റോ കടത്തിൽ മറുകരയിലെത്തുന്നത്. കൂടാതെ പ്രവർത്തി ദിനങ്ങളിൽ 1000-1500 യാത്രക്കാരുമുണ്ടാകും.രാവിലെയും വൈകിട്ടുമാണ് ഏറെ തിരക്ക്. റോ- റോ വെസൽ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ പുർത്തിയാക്കണമെന്നാണ് ജനകീയ സംഘടനകൾ ആവശ്യപ്പെടുന്നത്.