കിഴക്കമ്പലം: സംസ്ഥാനത്ത് പട്ടികജാതി പീഡനങ്ങൾ വർദ്ധിച്ച് വരികയാണെന്നും പട്ടികജാതി കുടുംബങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. സി.പി.എം പ്രവർത്തകരുടെ മർദ്ദനമേറ്റു മരിച്ച സി.കെ. ദീപുവിന്റെ വീട് ഇവിടത്തെ പട്ടികജാതി കമ്മിഷൻ സന്ദർശിക്കാത്തത് സി.പി.എം ഇടപെടൽ മൂലമാണ്. ദീപുവിന്റെ കുടുംബത്തിന് നീതി നിഷേധിക്കാൻ സർക്കാർ ശ്രമിക്കുന്നതിനാൽ വിഷയം ദേശീയ പട്ടികജാതി കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തി കുടുംബത്തിന് നീതി ലഭിക്കാൻ വേണ്ടി ബി.ജെ. പി ഇടപെടുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ ദീപുവിന്റെ വസതിയിൽ മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ. സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണ മേനോൻ. മണ്ഡലം പ്രസിഡന്റ്കെ.എസ്. അഭിലാഷ്, സി.എം. മോഹനൻ. മനോജ് മനക്കേക്കര, സുകുമാരൻ പട്ടിമറ്റം തുടങ്ങിയവർ സംബന്ധിച്ചു.