കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ വന്യമൃഗശല്യം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും വന്യജീവിശല്യംമൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരത്തുക വേഗത്തിൽ വിതരണം ചെയ്യുമെന്നും വനംവകുപ്പ് മന്തി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച ആന്റണി ജോൺ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടാന അടക്കമുള്ള വന്യമൃഗശല്യം രൂക്ഷമാകുന്നത് എം.എൽ.എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. വന്യമൃഗശല്യത്താൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളവർക്കുള്ള നഷ്ടപരിഹാര തുക വേഗത്തിൽ ലഭ്യമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.