മൂവാറ്റുപുഴ: ഒന്നാംക്ളാസ് മുതൽ ഗണിതത്തെ ലളിതവും രസകരവുമാക്കുന്നതിനുള്ള ഉല്ലാസഗണിതം പദ്ധതിക്ക് പായിപ്ര ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഒന്ന്, രണ്ട് ക്ലാസുകളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് നൽകുന്ന പഠനസമഗ്രികളുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം പായിപ്ര ഗവ.യുപി സ്കൂളിൽ എ.ഇ.ഒ ഇൻചാർജ് ഡി. ഉല്ലാസ് നിർവ്വഹിച്ചു.
എല്ലാ കുട്ടികളേയും ഗണിതത്തിൽ തത്പരരാക്കുന്നതും ഓരോ കുട്ടിയുടേയും പഠനവേഗത പരിഗണിക്കുന്നതുമായ രീതിയാണ് ഉല്ലാസഗണിത പ്രവർത്തനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഒന്നാംക്ളാസിലെ എല്ലാ കുട്ടികൾക്കും ഗണിതത്തോട് ഇഴുകിച്ചേരാൻ മുത്തുകൾ, സ്‌മൈലി ബോളുകൾ, ബഹുവർണ ടോക്കണുകൾ, ചിത്രകാർഡുകൾ, സങ്കലന വ്യാഖ്യാന കാർഡുകൾ, ഗെയിം ബോർഡുകൾ, ഡൈസുകൾ തുടങ്ങി ആകർഷകമായ പഠനോപകരണങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഗണിതാശയങ്ങൾ കൂട്ടുകാരോടൊപ്പം കളിച്ചുപഠിക്കാനാണ് അവസരമൊരുങ്ങുന്നത്. ഇതിനാവശ്യമായ പഠന കിറ്റുകളാണ് ഓരോ സ്കൂളിനും ലഭിച്ചത്.
ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ആനി ജോർജ് പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് റഹീമബീവി, ബി.ആർ.സി ട്രെയിനർ ഡിംപിൾ ജോയി, മാതൃസംഗം ചെയർപേഴ്സൺ ഷമീന ഷഫീഖ്, അനീസ കെ.എം, റഹ്മത്ത് എ. എം എന്നിവർ സംസാരിച്ചു.