മൂവാറ്റുപുഴ: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ മറ്റു പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി) ഉൾപ്പെട്ട വനിതകൾക്കായി നടപ്പിലാക്കി വരുന്ന ന്യൂസ്വർണ്ണിമ സ്വയംതൊഴിൽവായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പുതിയതായി സംരംഭം ആരംഭിക്കുന്നവർക്കും നിലവിൽ ഏതെങ്കിലും സംരംഭം നടത്തുന്നവർക്കും 5% പലിശനിരക്കിൽ 2 ലക്ഷംരൂപവരെ വായ്പ അനുവദിക്കും. കുടുംബവാർഷിക വരുമാനം 3,00,000 രൂപയിൽ കുറവുള്ളവർക്ക് അപേക്ഷിക്കാം. പുതിയതായി സംരംഭം തുടങ്ങുന്നവർക്ക് 5% മുതൽ 8% വരെ പലിശനിരക്കിൽ 15ലക്ഷം രൂപവരെ സ്വയംതൊഴിൽ വായ്പയും 3.50 മുതൽ 4 ശതമാനംവരെ പലിശനിരക്കിൽ വിദ്യാഭ്യാസവായ്പയും മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് 6% മുതൽ 8%വരെ പലിശനിരക്കിൽ 30 ലക്ഷംരൂപവരെ സ്വയംതൊഴിൽവായ്പയും 3% മുതൽ 8% വരെ പലിശനിരക്കിൽ വിദ്യാഭ്യാസവായ്പയും ലഭിക്കും. പ്രവാസികൾക്ക് 3 ലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന റീ-ടേൺ പദ്ധതി, പ്രൊഫഷണലുകൾക്ക് 2 ലക്ഷംരൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന സ്റ്റാർട്ട് അപ്പ് പദ്ധതി എന്നിവ പ്രകാരം 20 ലക്ഷം രൂപവരെ 6% മുതൽ 8% വരെ പലിശ നിരക്കിൽ അനുവദിക്കും. എല്ലാ വായ്പകൾക്കും വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. വായ്പാ അപേക്ഷാഫോറം മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെ.എസ്.ബി.സി.ഡി.സി മൂവാറ്റുപുഴ ഉപജില്ലാ ഓഫീസിൽ നിന്ന് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0485 - 2964005.