
കൊച്ചി: മാറി വരുന്ന സർക്കാരുകൾ കേരളത്തിലെ കായികാദ്ധ്യാപക മേഖലയോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ഹൈബി ഈഡൻ എം.പി. മറ്റു വിഷയങ്ങൾക്ക് നൽകുന്ന പ്രാധാന്യം ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് നൽകണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ സംയുക്ത കായികാദ്ധ്യാപക സംഘടനയുടെ ജില്ലാ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുവിദ്യാലയങ്ങളിലും ചുരുങ്ങിയത് ഒരു കായികാദ്ധ്യാപക തസ്തികയെങ്കിലും ഉടൻ സൃഷ്ടിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോൺ റാൽ ബിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാഥിതിയായിരുന്നു. ഇന്ത്യൻ അത്ലറ്റിക് കോച്ച് ടി.പി.ഔസേപ്പിനും സർവീസിൽ നിന്നും വിരമിക്കുന്ന കായികാദ്ധ്യാപകർക്കും ഉപഹാരങ്ങൾ നൽകി.