dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കിയുള്ള തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിലാണ് വിശദീകരണം. തുടരന്വേഷണത്തിനുള്ള വിശദമായ പ്ളാൻ മുദ്രവച്ച കവറിൽ സമർപ്പിക്കുകയും ചെയ്തു. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഹർജി വിധി പറയാൻ മാറ്റി.

ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കാനാണ് തുടരന്വേഷണമെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും പറഞ്ഞു. അതുകൊണ്ട് എന്താണ് ഗുണമെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനാണെങ്കിൽ അവസാനഘട്ടം വരെ കാത്തിരിക്കേണ്ടതുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെങ്കിൽ ഇതിനേക്കാൾ മികച്ച കഥ മെനയാൻ അവർക്ക് കഴിയുമായിരുന്നില്ലേയെന്നും ആരാഞ്ഞു. 'അതിനു ബുദ്ധി വേണ്ടേ' എന്നായിരുന്നു ദിലീപിന്റെ അഭിഭാഷന്റെ മറുപടി.

വ്യാജതെളിവുണ്ടാക്കാനാണ് തുടരന്വേഷണമെന്ന വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. ദൃശ്യങ്ങൾ ദിലീപിന്റെ കൈയിൽ നിന്ന് ലഭിച്ചെന്ന തരത്തിൽ തെളിവുണ്ടാക്കാനാണെന്ന ആരോപണം ശരിയല്ല. ദൃശ്യങ്ങൾ ഡിജിറ്റൽ ലോക്ക് ചെയ്തതാണ്. ഇതു തുറക്കാൻ ശ്രമിച്ചാൽ അറിയാൻ കഴിയും. അന്വേഷണ ഉദ്യോഗസ്ഥന് ദിലീപിനോട് വൈരാഗ്യമോ ഏതെങ്കിലും ദുരുദ്ദേശ്യമോ ഇല്ലെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡി.ജി.പി. ടി.എ. ഷാജി വ്യക്തമാക്കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹർജി നൽകാൻ പ്രതിക്ക് അവകാശമില്ലെന്നായിരുന്നു കേസിൽ കക്ഷി ചേർന്ന നടിയുടെ വാദം. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ മറ്റൊരു ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.