vaduthala

കൊച്ചി: എക്കലും ചെളിയും നിർമ്മാണാവശിഷ്ടങ്ങളും അടിഞ്ഞ് ഒഴുക്കു നിലച്ച വടുതലയിലെ ബണ്ട് നീക്കുന്നതിനുള്ള നടപടിയെടുക്കണമെന്ന് മന്ത്രി പി. രാജീവ് നിർദ്ദേശിച്ചിട്ടും അനക്കമില്ലാതെ ജില്ലാ ഭരണകൂടം.

തോടുകളെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപ്പറേഷൻ വാഹിനി പദ്ധതി ബുധനാഴ്ച ഉദ്ഘാടനം ചെയ്തപ്പോഴും മന്ത്രി കളക്ടറെ ബണ്ട് പ്രശ്‌നം ഓർമ്മിപ്പിച്ചു. വടുതലയിലെ നീരൊഴുക്കിന് തടസം സൃഷ്ടിക്കുന്ന ബണ്ട് നീക്കണമെന്നും അതിനായി സമഗ്ര പദ്ധതി തയാറാക്കണമെന്നുമായിരുന്നു നിർദ്ദേശം.

ഇനിയും വേണം വിശദമായ റിപ്പോർട്ട്...!
മുമ്പും പലതവണ മന്ത്രി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി ഉൾപ്പെടെ പങ്കെടുത്ത ഉന്നതല യോഗവും നടന്നു. അപ്പോഴെല്ലാം വിശദമായ പഠനറിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കുമെന്നായിരുന്നു പല്ലവി.

ഒടുവിൽ, ദുരന്ത നിവാരണം ലക്ഷ്യമിട്ട് സർക്കാർ ജില്ലയ്ക്ക് അനുവദിച്ച 10 കോടി രൂപ ബണ്ട് നീക്കാൻ വിനിയോഗിക്കണമെന്ന് ജലസേചന വകുപ്പ് കളക്ടർക്ക് കരട് റിപ്പോർട്ട് നൽകി. ഇത് കളക്ടർ അംഗീകരിച്ചെങ്കിലും ഇനിയും വിശദമായ റിപ്പോർട്ടിനായി കാക്കുന്നുവെന്നാണ് വിശദീകരണം.

വടുതല ബണ്ട് പ്രശ്‌നത്തിൽ പഠനങ്ങളും, പദ്ധതികളും ഒക്കെയായി ഇതിനോടകം പത്തോളം റിപ്പോർട്ടുകൾ ജില്ലാ ഭരണകൂടത്തിനു മുൻപാകെ സമർപ്പിക്കപ്പെട്ടു. വിശദമായ റിപ്പോർട്ട് എന്ന് തയാറാകുമെന്നോ, ഇതിന്റെ അടിസ്ഥാനത്തിൽ എത്രനാൾക്കകം പദ്ധതി തയാറാക്കുമെന്നോ ഉദ്യോഗസ്ഥവൃന്ദത്തിനു പോലും നിശ്ചയമില്ല.

കളക്ടർക്ക് മൗനമോ?
കായലിലെ നീരൊഴുക്കിന് വിഘാതമായ ബണ്ട് ആലുവയുൾപ്പടെയുള്ള തീരപ്രദേശങ്ങളിലെ പ്രളയത്തിന് പ്രധാനകാരണമായെന്ന് ജലസേചന വകുപ്പ് പഠനം നടത്തി കണ്ടെത്തിയിരുന്നു. ഇതിനു പുറമേ, ബണ്ട് നീക്കേണ്ടതാണെന്ന് കണയന്നൂർ തഹസിൽദാറും കളക്ടർക്ക് റിപ്പോർട്ട് നൽകി. ഇത്രയേറെ റിപ്പോർട്ടുകൾ ലഭിച്ചിട്ടും ദുരന്തനിവാരണത്തിനായി നേരിട്ട് പദ്ധതികൾ തയാറാക്കാൻ അധികാരമുള്ള ജില്ലാ കളക്ടർ എന്തുകൊണ്ടാണ് ബണ്ട് നീക്കാൻ നടപടി സ്വീകരിക്കാത്തതെന്ന് വിഷയത്തിൽ സജീവ ഇടപെടൽ നടത്തുന്ന സ്വാസ് (സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി) ചോദിക്കുന്നു.

വിവിധ പരിസ്ഥിതി- സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുമെല്ലാം ബണ്ട് നീക്കണമെന്ന ആവശ്യവുമായി രംഗത്തിയിരുന്നു.