ആലുവ: ആലുവ മണപ്പുറത്തെ ശിവരാത്രി ബലിത്തറക്ക് 2020ലെ അടിസ്ഥാന ലേലത്തുകയുടെ 50 ശതമാനമാക്കിയില്ലെങ്കിൽ ഇന്ന് രാവിലെ പത്തിന് നടക്കുന്ന ലേലത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് പുരോഹിതന്മാരുടെ സംഘടനയായ അർച്ചക് പുരോഹിത് സഭ ദേവസ്വം അധികൃതരെ അറിയിച്ചു. ഇതേത്തുടർന്ന് രാത്രിയും ഒത്തുതീർപ്പ് ചർച്ചകൾ തുടരുകയാണ്.
ബുധനാഴ്ച രാത്രിമുതൽ ആരംഭിച്ച അനൗദ്യോഗിക സമവായ ചർച്ചകളെത്തുടർന്ന് ഇന്നലെ ഹൈന്ദവ സംഘടനകളുമായി ഔദ്യോഗികചർച്ച നടന്നിരുന്നു. അതിനാൽ ഇന്നലെ നിശ്ചയിച്ചിരുന്ന പ്രതിഷേധയോഗം ഹൈന്ദവ സംഘടനകൾ ഒഴിവാക്കി. 2020ലെ ലേലത്തുകയുടെ 15 ശതമാനമാക്കി അടിസ്ഥാന ലേലത്തുക കുറയ്ക്കണമെന്നാണ് പുരോഹിതന്മാരും ഹൈന്ദവ സംഘടനകളും ഇന്നലെ നടന്ന ചർച്ചയിൽ ആദ്യം ആവശ്യപ്പെട്ടത്. ചർച്ചയ്ക്കൊടുവിൽ 50 ശതമാനംവരെ തുകനൽകാമെന്ന് പുരോഹിതന്മാർ അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന അഡ്മിനിസ്ട്രേറ്റർ അറിയിച്ചതിനെത്തുടർന്ന് പിരിഞ്ഞു. ദേവസ്വം ബോർഡ് സാഹചര്യം മനസിലാക്കി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശിവരാത്രി ബലിതർപ്പണത്തിനെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഹിന്ദു ഐക്യവേദി ഒരുക്കുമെന്നും സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് ചർച്ചയ്ക്കിടെ അറിയിച്ചു. ഇതോടെയാണ് ദേവസ്വം ബോർഡുമായി ആലോചിച്ച് തീരുമാനങ്ങൾ അറിയിക്കാമെന്ന നിലപാടിലേക്ക് ഉദ്യോഗസ്ഥരെത്തിയത്.
മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ജി. ബിജു, ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി. സുരേഷ്, പി.സി. ബാബു, വി.ആർ. അനിൽകുമാർ, വി.എച്ച്.പി നേതാക്കളായ മനോജ് തുരുത്ത്, ശശി തുരുത്ത്, അർച്ചക് പുരോഹിത് സഭ നേതാക്കളായ വാസുവാദ്ധ്യാർ, രാജു വാദ്ധ്യാർ, രാധാകൃഷ്ണൻ വാദ്ധ്യാർ, അശോകൻ ശാന്തി ഹരിപ്പാട്, മോഹനൻ ശാന്തി തിരുവനന്തപുരം എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. അമിത തറവാടകയെത്തുടർന്ന് പുരോഹിതന്മാർ ഇതിനകം മൂന്നുതവണ ബലിത്തറ ലേലം ബഹിഷ്കരിച്ചിരുന്നു. ഇതേത്തുടർന്ന് 148 ബലിത്തറകളിൽ ഇതുവരെ ഒമ്പത് തറകളാണ് നൽകിയത്. ഇന്ന് രാവിലെ പത്തിനകം ധാരണ ഉണ്ടായില്ലെങ്കിൽ തുടർന്ന് നടക്കുന്ന ബലിത്തറലേലം ബഹിഷ്കരിക്കുമെന്നും പുരോഹിതന്മാർ അറിയിച്ചിട്ടുണ്ട്.