onjithod-kallidal
ഓഞ്ഞിത്തോട് സർവ്വേ നടപടി പൂർത്തിയായ സ്ഥലങ്ങളിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നു

ആലങ്ങാട്: സർവ്വേ നടപടികൾ അവസാനഘട്ടത്തിലായ ഓഞ്ഞിത്തോടിന്റെ തീരങ്ങളിൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. പെരിയാറിന്റെ കൈവഴികളായ വരട്ടുപുഴയാറിനെയും മേത്താനം പുഴയെയും ബന്ധിപ്പിക്കുന്ന തോടിന്റെ മേത്താനം ഭാഗത്തുനിന്നാണ് കല്ലിടൽ ആരംഭിക്കുന്നത്. സർവ്വേ പൂർത്തിയായ സ്ഥലങ്ങൾ പഞ്ചായത്ത് ജനപ്രതിനിധികളെ ബോദ്ധ്യപ്പെടുത്തിയശേഷമാണ് അതിർത്തിക്കല്ലുകൾ സ്ഥാപിച്ചത്. ആലങ്ങാട് പഞ്ചായത്ത് പ്രദേശങ്ങളിലാണിത്. ഇതിനോട് ചേർന്ന തോടിന്റെ അവസാനഭാഗമായ കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറ്റുചാൽ ഭാഗത്ത് സർവ്വേ പൂർത്തിയായിട്ടില്ല.
കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കരയിൽ നിന്നാരംഭിച്ച് ആലങ്ങാട് പഞ്ചായത്ത് പിന്നിട്ട് കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറ്റുചാൽ ഭാഗത്ത് മേത്താനം പുഴയിൽ അവസാനിക്കുന്ന 19.4 കിലോ മീറ്റർ ദൈർഘ്യമുള്ള തോട് ഇരുപഞ്ചായത്തുകളുടെയും പ്രധാന ജലസ്രോതസാണ്. പെരിയാറിലെ മണലൂറ്റും കൈയേറ്റവുംമൂലം പതിറ്റാണ്ടുകളായി ജീർണ്ണാവസ്ഥയിലാണ്.

ജലാശയത്തിന്റെ വീണ്ടെടുപ്പിനായി രൂപീകരിച്ച ഓഞ്ഞിത്തോട് സംരക്ഷണസമിതിയുടെ കൺവീനർ കെ.എസ്. പ്രകാശന്റെ നേതൃത്വത്തിൽ നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായാണ് സർവ്വേ ആരംഭിച്ചത്. മാർച്ച് 17നകം സർവ്വേ പൂർത്തിയാക്കി ജനപ്രതിനിധികളെ ബോദ്ധ്യപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. മേത്താനം പുഴയിൽ തോട് അവസാനിക്കുന്ന കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏതാനും ഭാഗത്തുമാത്രമാണ് സർവ്വേ അവശേഷിക്കുന്നത്. പരിശോധനയിൽ ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ. ജയകൃഷ്ണൻ, വാർഡ് മെമ്പർ തസ്‌നി സിറാജുദ്ദീൻ, ഭൂരേഖ തഹസിൽദാർ ജഗ്ഗി പോൾ, ഓഞ്ഞിത്തോട് സംരക്ഷണസമിതി കൺവീനർ കെ.എസ്. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.