കൊച്ചി: പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിന് മുന്നിലെ മൂന്നേക്കർ വെളി മൈതാനം അന്യവാഹനങ്ങളുടെ പാർക്കിംഗ് തടയാൻ വേലികെട്ടി, ഗേറ്റ് വെച്ച്, ചങ്ങലയിട്ട് സംരക്ഷിക്കാൻ എസ്.ഡി.പി.വൈയ്ക്ക് അനുമതി നൽകി ഹൈക്കോടതി ഇടക്കാല ഉത്തരവായി. കേസ് മാർച്ച് പത്തിന് അന്തിമവാദത്തിനായി വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് മാറ്റി. വെളി മാർക്കറ്റിലെ മാലിന്യം നീക്കാൻ ആവശ്യമെങ്കിൽ സ്കൂൾ സമയത്തിന് ശേഷം കോർപ്പറേഷൻ വാഹനത്തിന് അനുമതി നൽകണമെന്നും ഉത്തരവിൽ പറയുന്നു. എസ്.ഡി.പി.വൈയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കെ.പി.സതീശനും ലിറ്റോ പാലത്തിങ്കലും ഹാജരായി.

 കൊച്ചി രാജാവ് നൽകിയ ഭൂമി

എസ്.ഡി.പി.വൈ സ്കൂളിന്റെ ആവശ്യത്തിനായി 1939ൽ കൊച്ചി മഹാരാജാവ് അനുവദിച്ച മൂന്നേക്കർ ഭൂമി ഇത്രയും കാലം സ്കൂൾ മൈതാനമായും ഭവാനീശ്വരക്ഷേത്രത്തിലെ ഉത്സവപ്പറമ്പായും ഉപയോഗിച്ചുവരികയായിരുന്നു. 1989ൽ സംസ്ഥാന സർക്കാരും മൈതാനം വേലികെട്ടി സംരക്ഷിക്കാൻ എസ്.ഡി.പി.വൈയ്ക്ക് അനുമതി നൽകിയതാണ്.

കൊച്ചി താലൂക്കിലെ രാമേശ്വരം വില്ലേജിൽപ്പെട്ടതാണ് ഭൂമി.

പൊളിഞ്ഞുകിടന്ന വേലി അടയ്ക്കാൻ എസ്.ഡി.പി.വൈ ശ്രമിച്ചതിനെ തുടർന്ന് നവംബർ 18ന് ഇവിടം റവന്യൂ പുറമ്പോക്കാണെന്ന് പറഞ്ഞ് ഫോർട്ടുകൊച്ചി ആർ.ഡി.ഒ വിഷ്ണുരാജിന്റെയും കൊച്ചി തഹസിൽദാരുടെയും നേതൃത്വത്തിൽ ജെ.സി.ബികളും വൻപൊലീസ് സന്നാഹവുമായി ബലമായി ഭൂമി പിടിച്ചെടുക്കുകയായിരുന്നു. എസ്.ഡി.പി.വൈ സ്ഥാപിച്ച ഇരുമ്പുകുറ്റികളും വേലികളും നീക്കവും ചെയ്തു. നാല് ലക്ഷം രൂപയോളം രൂപയുടെ നഷ്ടമുണ്ടായതായി ഹർജിയിൽ പറയുന്നുണ്ട്.

വെളിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള സ്വകാര്യമാർക്കറ്റിലേക്കുള്ള വാഹനങ്ങളുടെ പാർക്കിംഗും സാമൂഹ്യവിരുദ്ധരുടെ ശല്യവും

നഴ്സറി വിദ്യാർത്ഥികൾക്കുൾപ്പടെ ഭീഷണിയായ സാഹചര്യത്തിലാണ്

പൊളിഞ്ഞവേലി വീണ്ടും കെട്ടിയത്.

 പരാതിക്കാർ കൗൺസിലറും സി.പി.എമ്മും

വെളി മൈതാനം എസ്.ഡി.പി.വൈയുടെ കൈവശത്തിലിരിക്കുന്നതിനെതിരെ കോർപ്പറേഷൻ കൗൺസിലർ സി.ആർ.സുധീറും സി.പി.എം ഏരിയാ കമ്മിറ്റിയും നൽകിയ പരാതികളിലാണ് ഫോർട്ടുകൊച്ചി ആർ.ഡി.ഒ നടപടിയെടുത്തത്. സംസ്ഥാനത്ത് ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്ന ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിൽ ഈ പരാതി ശരവേഗത്തിലാണ് നീങ്ങിയത്. 82 വർഷം ഭൂമി കൈവശം വയ്ക്കുന്ന എസ്.ഡി.പി.വൈയ്ക്ക് നോട്ടീസ് നൽകുകയോ വിശദീകരണം കേൾക്കുകയോ ചെയ്യാതെ ധിക്കാരപൂർവമായിരുന്നു നടപടി.