തൃക്കാക്കര: തൃക്കാക്കരയ്ക്ക് അനുവദിച്ച കേന്ദ്രീയ വിദ്യാലയം താത്ക്കാലികമായി തെങ്ങോട് വനിതാ വ്യവസായ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ ആരംഭിക്കാൻ തീരുമാനിച്ചു. മൂന്ന് വർഷത്തേക്കാണ് കേന്ദ്രീയ വിദ്യാലത്തിനായി വ്യവസായ കേന്ദ്രം വിട്ടുനൽകുക. തൃക്കാക്കരയിൽ പദ്ധതി നടപ്പിലാക്കണമെന്നും എന്നാൽ കേന്ദ്രീയ വിദ്യാലയത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ സ്ഥലത്ത് പദ്ധതി നടക്കാതെ വന്നാൽ വനിതകൾക്ക് വ്യവസായം തുടങ്ങാൻ ലക്ഷ്യം മുന്നിൽക്കണ്ടാരംഭിച്ച സ്ഥലം നഷ്ടമാകുമോയെന്ന ആശങ്കയുണ്ടെന്ന് എൽ.ഡി.എഫ് കൗൺസിലർമാരായ ചന്ദ്രബാബു,ജിജോ ചങ്ങം തറ എന്നിവർ പറഞ്ഞു.താത്ക്കാലികമായി സ്കൂളിന് സ്ഥലം നൽകിയില്ലെങ്കിൽ പദ്ധതി തൃക്കാക്കരയ്ക്ക് നഷ്ടമാവുമെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്യക്ഷൻ നൗഷാദ് പല്ലച്ചി അറിയിച്ചു.ഇതോടെ മൂന്ന് വർഷത്തേക്ക് കരാർ പ്രകാരം നൽകാൻ തീരുമാനിച്ചു. ഒന്നുമുതൽ അഞ്ചുവരെയുളള ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുകയെന്ന് വൈസ്.ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി പറഞ്ഞു.
നഗരസഭ കോ ഓപ്പറേറ്റിവ് ആശുപത്രിയുടെ വാടകകുടിശികയെ ചൊല്ലി കൗൺസിൽ യോഗത്തിൽ തർക്കം നടന്നു. നഗരസഭയ്ക്ക് വാടക നൽകാത്ത ആശുപത്രി കെട്ടിടം അടച്ചുപൂട്ടണമെന്ന് യു.ഡി.എഫ് കൗൺസിലർ ഷാജി വാഴക്കാല പറഞ്ഞു. സഹകരണ ആശുപത്രിയെ തകർക്കാനുള്ള ഒരു ശ്രമത്തെയും അംഗീകരിക്കാനാവില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർ എം.ജെ ഡിക്സൺ പറഞ്ഞു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കല്ലെന്നും പിന്നെ എങ്ങനെ നിയമ നടപടി സ്വീകരിക്കുമെന്നും ജിജോ ചങ്ങംതറ ചോദിച്ചു. അടിയന്തര കൗൺസിൽ യോഗത്തിൽ സപ്ലിമെന്ററി അജണ്ട കൊണ്ടുവരാനുളള നീക്കത്തിനെതിരെ ഭരണ പക്ഷ കൗൺസിലർ രംഗത്ത് വന്നു. മുസ്ലിം ലീഗ് കൗൺസിലറായ സജീന അക്ബറാണ് രംഗത്തെത്തിയത്.ഇവർക്കൊപ്പം പ്രതിപക്ഷവും ചേർന്നതോടെ അജണ്ട മറ്റൊരു ദിവസത്തേക്ക് മാറ്റി.