തൃക്കാക്കര: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ അടിക്കടി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയിൽ ചിലവഴിക്കാതെ കെട്ടിക്കിടക്കുന്നത് 127 കോടി. സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കുക,റോഡുകൾ അപകട മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി 2017 ൽ സർക്കാർ രൂപീകരിച്ചതാണ് റോഡ് സുരക്ഷാ അതോറിറ്റി. ഗതാഗത വകുപ്പ് മന്ത്രിയാണ് ചെയർമാൻ. പൊതുമരാമത്ത് മന്ത്രി വൈസ് ചെയർമാനുമായി രൂപീകരിച്ച സമിതിയിൽ ചീഫ് സെക്രട്ടറി,നിയമ,ധനകാര്യ.ആരോഗ്യ,ആഭ്യന്തരം തുടങ്ങി എല്ലാ വിഭാഗത്തിൽ നിന്നുള്ള ഉന്നതഉദ്യോഗസ്ഥരും അടങ്ങിയതാണ് റോഡ് സുരക്ഷാ അതോറിറ്റി.

റോഡ് സുരക്ഷാ കമ്മിഷണറുടെ പേരിലുള്ള ട്രഷറിയിലും സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടുകളിലുമായി 127,8237707.48 കോടിരൂപയാണ് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നത്,2021 ജനുവരി ഒന്നുമുതൽ 2022 ജനുവരി ഒന്നുവരെ 40,46,33,391 രൂപ ചെലവഴിച്ചതായി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.എന്നാൽ എന്തെല്ലാം പദ്ധതികളാണ് ഈ കാലയളവിൽ നടപ്പിലാക്കിയതെന്ന് പറയുന്നുമില്ല.

# ചെലവഴിച്ച തുക (2021 ജനുവരി ഒന്നുമുതൽ 2022 ജനുവരി ഒന്നുവരെ)

ശമ്പളം 1,07,68,464
കറണ്ട് /ഫോൺ : 3,24,075
ഓഫീസ് വാടക 29,04,912
വിവിധ പദ്ധതികൾക്കായി 38,92,78,861
മറ്റ് ഇനങ്ങൾ 13,57,079,

ആകെ ചിലവഴിച്ചത് 40,46,33,391 കോടി


# പദ്ധതി ഇങ്ങനെ

സർക്കാറിന്‌ റോഡ്‌ സുരക്ഷാ നയത്തിൽ ഉപദേശം നൽകുക, റോഡ്‌ സുരക്ഷക്ക്‌ ആവശ്യമായ നിയമങ്ങൾ നടപ്പാക്കുക, വിവിധ വകുപ്പുകളുമായും ഏജൻസികളുമായും ബന്ധപ്പെട്ട്‌ റോഡ്‌ സുരക്ഷാ പ്രവർത്തനം ക്രോഡീകരിക്കുക, റോഡ്‌ സുരക്ഷക്ക്‌ ആവശ്യമായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുക,സുരക്ഷാ പദ്ധതികളെ കുറിച്ച്‌ പൊതുജനങ്ങൾക്കിടയിൽ അവബോധം നൽകുക തുടങ്ങിയ പത്തോളം പദ്ധതികളാണ്‌ അതോറിറ്റി നടപ്പാക്കുക.